ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ഞക്കാണ്ടി ബഷീർ (66) ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്.
മസ്കറ്റിലെ റൂവിയിലുള്ള താമസസ്ഥലത്ത് വെച്ചാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. ദീർഘവർഷങ്ങളായി ഒമാനിൽ പ്രവാസിയായി കഴിയുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത സേവന ചുമതലകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു ബഷീർ. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹപ്രവർത്തകരുടെയും ഇടയിൽ ഏറെ സുപരിചിതനായിരുന്നു അദ്ദേഹം.
പരേതനായ അബൂട്ടിയാണ് പിതാവ്. ഐഷ മഞ്ഞക്കാണ്ടി മാതാവും സമീന ഭാര്യയുമാണ്.
മസ്കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മസ്കറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

