ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും തട്ടിയെടുത്തതായും ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി.
ബെംഗളൂരുവിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയിരിക്കുന്നത്. യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ വിവരങ്ങൾ അനുസരിച്ച്, 2024ൽ മണിപ്പാൽ സർവകലാശാലയിൽ പഠിക്കുന്ന സമയത്താണ് യുവതി അൻഫാൽ എന്ന യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്.
തുടർന്ന് യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ഇയാൾ പലതവണ നേരിട്ട് കാണുകയും മണിപ്പാലിനു സമീപമുള്ള ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇവിടെവച്ച് യുവതിയുടെ സമ്മതമില്ലാതെ ഇയാൾ അശ്ലീല ചിത്രങ്ങൾ പകർത്തിയെന്നാണ് ആരോപണം.
പിന്നീട് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോൺപേ വഴി നിരന്തരം പണം തട്ടിയെടുക്കാൻ തുടങ്ങി. 2026 ഏപ്രിൽ മാസത്തിൽ അൻഫാൽ യുവതിയെ വീണ്ടും ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇതേ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി.
പണമില്ലെന്ന് പറഞ്ഞപ്പോൾ യുവതിയുടെ കഴുത്തിൽ കിടന്ന 10-12 ഗ്രാം തൂക്കം വരുന്ന സ്വർണമാല ബലമായി പൊട്ടിച്ചെടുക്കുകയും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും, മറ്റ് നമ്പരുകളിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് തുടർന്നു.
ഇതിനുശേഷം വാട്സാപ് വിഡിയോ കോളുകളിലൂടെ മണിക്കൂറുകളോളം യുവതിയെ മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇയാൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഭയവും കടുത്ത മാനസിക സമ്മർദവും കാരണം യുവതി ബ്ലേഡ് ഉപയോഗിച്ച് സ്വന്തം നെഞ്ചിൽ അൻഫാൽ എന്ന് കീറിമുറിച്ച് എഴുതാൻ വരെ നിർബന്ധിതയായി. സെപ്റ്റംബർ 4ന് മാതാപിതാക്കൾ യുവതിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ വിവരങ്ങൾ പുറത്തറിയുന്നത്.
തുടർന്ന് സെപ്റ്റംബർ 8ന് പിതാവ് പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐടി ആക്ടിലെ സെക്ഷൻ 66(E) പ്രകാരവും പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

