തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഇരുചക്ര വാഹന യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം വിമാനത്താവളത്തിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് ഇടിച്ചുകയറി.
സംഭവവുമായി ബന്ധപ്പെട്ട് മദ്യലഹരിയിൽ വാഹനം ഓടിച്ച ബാലരാമപുരം സ്വദേശിയായ മനുവിനെ (35) വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകൾക്കും പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ഓൾ സെയിന്റസ് – ശംഖുമുഖം റോഡിൽ മുസ്ലിം പള്ളിക്കു സമീപത്തുവെച്ചാണ് ആദ്യം കാർ ബൈക്കിൽ ഇടിക്കുന്നത്.
തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വിമാനത്താവളത്തിലെ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള ടെക്നിക്കൽ ഏരിയയിലെ വളവിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ വിമാനത്താവളത്തിന്റെ മതിലും കാറിന്റെ മുൻഭാഗവും പൂർണ്ണമായി തകർന്നു.
വിമാനത്താവള സുരക്ഷയെ സംബന്ധിച്ച് വലിയ വീഴ്ചയാണ് സംഭവത്തിൽ ഉണ്ടായിരിക്കുന്നത്. എയർഫോഴ്സ് സ്റ്റേഷനോട് ചേർന്നുള്ള മതിലാണ് തകർന്നത്.
റോഡിൽ നിന്ന് നിശ്ചിത ദൂരം മാറിയാണ് ഈ മതിൽ സ്ഥിതി ചെയ്യുന്നത്. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
അപകടത്തിൽ പരുക്കേറ്റ ഇരുചക്ര വാഹന യാത്രികയെയും, കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശിനികളായ മെറിൻ, കവിത എന്നിവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്ത്രണ്ടടിയോളം ഉയരമുള്ള ചുറ്റുമതിലിലേക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയതെന്ന് വലിയതുറ എസ്.എച്ച്.ഒ ഡി.ഒ.
ദിനേശ് വ്യക്തമാക്കി. സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും വലിയതുറ പൊലീസിന്റെയും സംയുക്തമായ പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. ഇതേ പ്രദേശത്ത് ഇതിനുമുൻപും മൂന്ന് അപകടങ്ങൾ നടന്നിട്ടുണ്ടെന്നും അതിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

