കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയുടെ അതിവേഗ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഓപ്പൺ എഐ രംഗത്ത്. മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരം കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപന അഥവാ ഐപിഒ ഈ വർഷം ഉണ്ടാകില്ലെന്ന് സിഇഒ സാം ആൾട്ട്മാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.
ഇതോടെ നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓഹരി വിൽപന അടുത്ത വർഷത്തേക്ക് മാറ്റിവെക്കപ്പെടുമെന്ന് ഔദ്യോഗികമായി ഉറപ്പായിരിക്കുകയാണ്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഈ ഘട്ടത്തിൽ ഐപിഒ നടത്തുന്നത് അനുയോജ്യമല്ലെന്നാണ് സാം ആൾട്ട്മാൻ മുന്നോട്ടുവെക്കുന്ന പ്രധാന വാദം.
ഈ പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയത് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേ പുറത്തുവിട്ട ഒരു ലേഖനമാണ്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ആഗോളതലത്തിൽ എഐ ഗവേഷണങ്ങളുടെ വേഗത കുറയ്ക്കാൻ മറ്റ് മുൻനിര കമ്പനികളോട് ആഹ്വാനം ചെയ്യുകയുണ്ടായി. കൂടാതെ, മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ട
നിയന്ത്രണങ്ങളും അദ്ദേഹം ഇതിനോടൊപ്പം നിർദേശിച്ചിട്ടുണ്ട്. ആന്ത്രോപിക്കിന്റെ സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മൂന്നാം കക്ഷിയെ പരിശോധനയ്ക്കായി നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്, ഗൂഗിൾ ഡീപ്മൈൻഡ് സഹസ്ഥാപകൻ ഡെമിസ് ഹസാബിസ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയ പ്രമുഖരെല്ലാം ഡാരിയോ അമോഡേയുടെ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ 2030-നുള്ളിൽ മനുഷ്യകുലം തന്നെ അവസാനിച്ചേക്കാമെന്ന് മുൻ ആന്ത്രോപിക് ഗവേഷകൻ ജേക്കബ് കോക്സൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ഡാരിയോ അമോഡേ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്നിട്ടുള്ളത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു കമ്പനിയും ഈ വിഷയത്തിൽ യാതൊരുവിധ ഉത്തരവാദിത്തവുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മനുഷ്യന്റെ ജീവൻ പന്താടുകയാണ് ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുൻകാല ആരോപണം.
അതേസമയം, അമേരിക്കൻ കമ്പനികളുടെ ഈ പുതിയ ആവശ്യത്തോട് തികച്ചും വ്യത്യസ്തമായ നിലപാടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ആഗോള എഐ മേഖലയിലെ തങ്ങളുടെ മേധാവിത്വം നിലനിർത്താൻ യുഎസ് കമ്പനികൾ ഗവേഷണ പ്രവർത്തനങ്ങൾ യാതൊരു തടസ്സവുമില്ലാതെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അനാവശ്യമായ കാര്യങ്ങൾ ചർച്ചയാക്കാൻ നിരവധിയാളുകൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഡോണൾഡ് ട്രംപ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിൽ അമേരിക്കയാണ് ചൈനയേക്കാളും ഏറെ മുന്നിലുള്ളതെന്നും അത് ഇതേ രീതിയിൽ തന്നെ തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഈ മത്സരത്തിൽ നേട്ടങ്ങൾ കൊയ്യുന്നവർ മാത്രമാകും വിജയികളായി മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ, എഐ ഗവേഷണങ്ങളുടെ വേഗത കുറയ്ക്കാനുള്ള ഈ ആഹ്വാനത്തിന് പിന്നിൽ സുരക്ഷാപരമായ ആശങ്കകൾ മാത്രമാണോ ഉള്ളതെന്ന കാര്യത്തിൽ ശക്തമായ സംശയങ്ങളും വിദഗ്ധർക്കിടയിൽ ഉയരുന്നുണ്ട്. ഈ മേഖലയിലെ അനുദിനം വർധിച്ചുവരുന്ന ചെലവുകളും എന്നാൽ അതിനനുസൃതമായ വരുമാനം ലഭിക്കാത്തതും കമ്പനികളെ ഇത്തരം പുതിയ നീക്കങ്ങളിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
നിലവിലെ സാമ്പത്തിക വർഷത്തിൽ ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം കനത്ത നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് എഐ ഗവേഷകനായ ഡോ. എലി ഡേവിഡ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഈ സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്ന ഐപിഒയെ സാരമായി ബാധിക്കുമെന്ന ആശങ്ക കമ്പനികൾക്കുണ്ട്. ഇതിന് ഒരു പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് എഐ സ്ലോഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിലൂടെ പുതിയ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനുള്ള ഭീടണമായ ചെലവ് ഒരു പരിധി വരെ കുറച്ചുകൊണ്ടുവരാൻ സാധിക്കും. പൊതുജനങ്ങളുടെ സുരക്ഷയല്ല, മറിച്ച് ഐപിഒ വിജയകരമായി നടപ്പിലാക്കുക എന്നതാണ് കമ്പനികളുടെ യഥാർത്ഥ ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇത്തരത്തിലുള്ള ഗവേഷണങ്ങളുടെ വേഗത കുറയ്ക്കുന്നത് ഈ സാങ്കേതിക രംഗത്ത് ചൈന മുന്നിലെത്താൻ കാരണമാകുമെന്നും ഡോ. എലി ഡേവിഡ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
സമാനമായ വിമർശനങ്ങളുമായി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. ഏകദേശം രണ്ടു ലക്ഷം കോടി ഡോളർ മൂല്യം കണക്കാക്കിക്കൊണ്ട് 10,000 കോടി ഡോളർ വിപണിയിൽ നിന്ന് സമാഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആന്ത്രോപിക് ഇപ്പോഴുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സമാനമായ രീതിയിലുള്ള ഐപിഒ തന്നെയാണ് ഓപ്പൺ എഐയും ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഐടി മേഖലയ്ക്ക് നേട്ടം അതേസമയം, പ്രഖ്യാപിക്കപ്പെട്ട
‘എഐ സ്ലോഡൗൺ’ ആഹ്വാനം വരുന്ന ദിവസങ്ങളിൽ ചിപ്പ് നിർമാതാക്കളുടെ ഓഹരി വിപണിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളിലെ ഓഹരികളിൽ കനത്ത വിൽപന സമ്മർദം അനുഭവപ്പെടാനാണ് സാധ്യത.
എങ്കിലും ഈ പ്രതിസന്ധി ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. എഐ മേഖലയിലെ ഓഹരി വിൽപന കനക്കുന്നത് ആഭ്യന്തര വിപണിയിൽ ഇന്ത്യൻ ഐടി ഓഹരികൾക്ക് വലിയ തോതിൽ അനുകൂലമായി മാറും.
വിപണിയിൽ വ്യാപാരം പുനരാരംഭിക്കുമ്പോൾ ഐടി ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

