അധികൃതരുടെ ഔദ്യോഗിക സഹായത്തിനായി കാത്തുനിൽക്കാതെ കൊല്ലം ബീച്ചിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. കടലിൽ വീണ മൂന്നുപേരിൽ രണ്ടു കുട്ടികളെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, ശക്തമായ തിരമാലകൾ കാരണം ഒരാളുടെ ജീവൻ രക്ഷിക്കാനാകാത്തതിന്റെ വേദനയിലാണ് നാട്.
മുങ്ങിത്താഴ്ന്ന ജോസഫ് സ്റ്റാൻലിയെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികൾ ഒരുമനസ്സോടെ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് മണിക്കൂറുകൾക്കകം മൃതദേഹം കണ്ടെടുത്തത്. ജോസഫ് സ്റ്റാൻലിയും രണ്ട് കുട്ടികളും അപകടത്തിൽപ്പെട്ട
വിവരം ബഹളം കേട്ടെത്തിയ പ്രദേശത്തെ ഐസ്ക്രീം വിൽപനക്കാരനാണ് ബീച്ചിനു സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ അറിയിച്ചത്. ഇവരുടെ തക്കസമയത്തെ ഇടപെടലാണ് കുട്ടികൾക്ക് തുണയായത്.
കുട്ടികളെ ഉടൻ തന്നെ സുരക്ഷിതമായി കരയിലെത്തിച്ചെങ്കിലും തിരയിൽപെട്ട ജോസഫ് സ്റ്റാൻലിയെ ആ സമയത്ത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സാധാരണയായി കടലിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ തീരദേശ പൊലീസിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സഹായം തേടുകയാണ് പതിവെങ്കിലും, അതിനൊന്നും കാത്തുനിൽക്കാതെ ഇന്നലെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളും വലകളുമായി കടലിലിറങ്ങി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പള്ളിത്തോട്ടം സ്വദേശി സെബാസ്റ്റ്യന്റെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലക്സാണ്ടറിന്റെയും നേതൃത്വത്തിൽ മൂതാക്കരയിൽ നിന്ന് രണ്ട് വള്ളങ്ങളിലായി എത്തിയ 8 മത്സ്യത്തൊഴിലാളികൾ കടലിൽ വല വിരിച്ചു നടത്തിയ തിരച്ചിലിനൊടുവിലാണ് ജോസഫ് മുങ്ങിപ്പോയ സ്ഥലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
കടലിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഔദ്യോഗിക സഹായം തേടുമ്പോൾ സമയോചിതമായ ഇടപെടലുകൾ ഉണ്ടാകാത്ത ഒട്ടേറെ കയ്പേറിയ അനുഭവങ്ങൾ മുൻപ് നേരിടേണ്ടി വന്നിട്ടുള്ളതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ ഇന്നലെ മറ്റാരുടെയും സഹായത്തിനായി കാത്തുനിൽക്കാതെ രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങിയത്. അപകടവിവരമറിഞ്ഞ് മേയർ എ.കെ.ഹഫീസ്, ഡപ്യൂട്ടി മേയർ കരുമാലിൽ ഡോ.
ഉദയ സുകുമാരൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ കൊല്ലം ബീച്ചിൽ സന്ദർശനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

