സംസ്ഥാന അതിർത്തിപ്രദേശമായ പാറശാലയ്ക്ക് സമീപം വന്യക്കോട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻ തോതിൽ റേഷൻ സാധനങ്ങൾ പിടികൂടി. സിവിൽ സപ്ലൈസ് വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഒരു വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 10,000 കിലോ അരിയും 150 കിലോ ഗോതമ്പുമാണ് പിടിച്ചെടുത്തത്.
വന്യക്കോട്ടുനിന്ന് കാരാളിയിലേക്ക് പോകുന്ന ഭാഗത്ത് കളിയിക്കാവിള സ്വദേശി ജയിംസ് വാടകയ്ക്കെടുത്തിരുന്ന വീടാണ് അനധികൃത ശേഖരണ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. ഇവിടേക്ക് ചെറിയ വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കുന്നതും പിന്നീട് ലോറികളിൽ കയറ്റി അയക്കുന്നതും ശ്രദ്ധയിൽപ്പെട്ട
നാട്ടുകാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച പൊലീസ് സ്ഥലത്തെത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു.
പിന്നീട് നെയ്യാറ്റിൻകര താലൂക് സപ്ലൈ ഓഫിസർ എച്ച്.പ്രവീൺ കുമാറും സംഘവും സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. അടുക്കളയിലും വർക്ക് ഏരിയയിലുമായി 50 കിലോ വീതമുള്ള 200 ചാക്ക് അരിയും 3 ചാക്ക് ഗോതമ്പുമാണ് കണ്ടെടുത്തത്.
പിടിച്ചെടുത്തവയെല്ലാം തമിഴ്നാട് റേഷൻ സാധനങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ബ്രാൻഡുകളുടെ പേരിലുള്ള പുതിയ ചാക്കുകളും ഇതിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞ നിരക്കിൽ സംഭരിക്കുന്ന ഈ അരി സംസ്കരിച്ച് പുതിയ ബ്രാൻഡുകളിലാക്കി കേരളത്തിൽ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വലിയ ഗോഡൗണുകളിലെ പരിശോധന കർശനമാക്കിയതോടെ അരി മാഫിയകൾ ആളൊഴിഞ്ഞ പ്രദേശങ്ങളിലെ വീടുകളിലേക്ക് പ്രവർത്തനം മാറ്റിയതാകാമെന്ന് അധികൃതർ വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമീപ പ്രദേശങ്ങളായ ഇഞ്ചിവിള, പനച്ചമൂട്, അഞ്ചാലിക്കോണം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ മാത്രം 62,750 കിലോ അരിയാണ് സിവിൽ സപ്ലൈസ് വിഭാഗം പിടികൂടിയത്. നിലവിൽ പിടിച്ചെടുത്ത സാധനങ്ങൾ അമരവിളയിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റിയിട്ടുണ്ട്.
അതിർത്തി മേഖലകളിൽ സമാന പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പിടികൂടിയവ തമിഴ്നാട് റേഷൻ അരിയാണെന്ന കാരണത്താൽ അവ തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് തിരുവനന്തപുരം കലക്ടറെയും സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരെയും നേരിൽ കാണുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

