ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ചരിത്രത്തിൽ എക്കാലത്തും നേരിട്ടിട്ടുള്ള ഒരു പ്രധാന പ്രതിസന്ധിയാണ് ഫ്രാഗ്മെന്റേഷൻ അഥവാ വൈവിധ്യവൽക്കരണം മൂലമുള്ള പ്രശ്നങ്ങൾ. സ്ക്രീൻ വലുപ്പങ്ങൾ, ബാറ്ററികൾ, ക്യാമറകൾ തുടങ്ങി ഹാർഡ്വെയർ തലത്തിലുള്ള വ്യത്യാസങ്ങളും, ഗൂഗിളിന്റെ പിക്സൽ യു.ഐ, സാംസങ്ങിന്റെ വൺ യു.ഐ, വൺപ്ലസിന്റെ ഓക്സിജൻ ഒ.എസ് തുടങ്ങിയ സോഫ്റ്റ്വെയർ സ്കിന്നുകളും ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ, വിവിധ ആൻഡ്രോയിഡ് പതിപ്പുകളിലായി ഫോണുകൾ ചിതറിക്കിടക്കുന്നതും ഈ പ്രശ്നത്തിന്റെ ഭാഗമാണ്. വിപണിയിൽ ഇറങ്ങിയതിന് ശേഷം പല ഫോണുകൾക്കും ആവശ്യമായ അപ്ഡേറ്റുകൾ ലഭിക്കാറില്ല.
ഒരു വർഷോ രണ്ടോ വർഷമോ മാത്രം അപ്ഡേറ്റ് ലഭിച്ച് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന ഡിവൈസുകളും നിരവധിയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഗൂഗിൾ നിരന്തരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
എന്നാൽ നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ജെമിനി നാനോ (Gemini Nano) പതിപ്പുകളുടെ കാര്യത്തിൽ പുതിയൊരു ഫ്രാഗ്മെന്റേഷൻ പ്രശ്നത്തിന് കമ്പനി തുടക്കമിട്ടിരിക്കുകയാണ്. ഇത് എഐ ഫീച്ചറുകളെ പ്രത്യേക ഡിവൈസുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നു.
ഹാർഡ്വെയർ അല്ലെങ്കിൽ സോഫ്റ്റ്വെയർ പരിമിതികളേക്കാൾ ഉപരിയായി ഗൂഗിളിന്റെ രേഖകളിലാണ് ഈ വിഭജനം കാണാൻ സാധിക്കുന്നത്. മുൻകാലങ്ങളിൽ നാല് പ്രധാന തടസ്സങ്ങളായിരുന്നു ആൻഡ്രോയിഡ് അപ്ഡേറ്റ് പ്രശ്നങ്ങൾക്ക് കാരണമായിരുന്നത്.
ആൻഡ്രോയിഡ് കോഡ് ഒറ്റ വലിയ ബ്ലോക്ക് ആയിരുന്നതിനാൽ പുതിയ ഫീച്ചറുകളോ സുരക്ഷാ പാച്ചുകളോ ചേർക്കാൻ അത് പൂർണ്ണമായി പുനർനിർമ്മിക്കേണ്ടിയിരുന്നു. ക്വാൽകോം, മീഡിയടെക് പോലുള്ള ചിപ് നിർമ്മാതാക്കൾ രണ്ട് വർഷത്തിൽ താഴെ മാത്രം ഡ്രൈവർ സപ്പോർട്ട് നൽകിയതും വലിയൊരു തടസ്സമായിരുന്നു.
ഒ.ഇ.എം (OEM) നിർമ്മാതാക്കൾ ഒരു വർഷത്തിന് ശേഷം അപ്ഡേറ്റുകൾ നൽകുന്നത് നിർത്തുന്നതും പതിവായിരുന്നു. അമേരിക്കയിൽ, ഓരോ ഒ.എസ് ബിൽഡും കാരിയറുകൾ ടെസ്റ്റ് ചെയ്ത് അംഗീകരിക്കേണ്ടിയിരുന്നു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ 2012-ൽ ഗൂഗിൾ എപിഐകൾ പ്ലേ സർവീസസിലേക്ക് മാറ്റി. തുടർന്ന് 2017-ൽ പ്രൊജക്റ്റ് ട്രെബിൾ വഴി ആൻഡ്രോയിഡിനെ ഗൂഗിളിന്റെ ഭാഗമായും ചിപ് നിർമ്മാതാവിന്റെ ഭാഗമായും വേർതിരിച്ചു.
2019-ൽ പ്രൊജക്റ്റ് മെയിൻലൈൻ വഴി പ്ലേ സ്റ്റോർ മുഖേന ആൻഡ്രോയിഡിന്റെ പ്രധാന ഭാഗങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്ന രീതി കൊണ്ടുവന്നു. ഫെബ്രുവരി 2025-ൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റും പുതിയ ചിപ്പുകളും ഉള്ള ഡിവൈസുകൾക്ക് എട്ട് വർഷത്തെ പിന്തുണ ക്വാൽകോം പ്രഖ്യാപിച്ചതോടെ ചിപ് നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി.
മീഡിയടെകും ഈ പാത പിന്തുടർന്നു. എങ്കിലും കുറഞ്ഞ വിലയുള്ള പ്രൊസസറുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ല.
സാംസങ്, ഗൂഗിൾ, ഹോണർ തുടങ്ങിയ ചില കമ്പനികൾ മാത്രമാണ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾക്ക് ഏഴ് വർഷത്തെ ഒ.എസ് അപ്ഗ്രേഡ് നൽകുന്നത്. ഇപ്പോൾ പുതിയതായി രൂപപ്പെട്ടിരിക്കുന്ന വെല്ലുവിളി തികച്ചും വ്യത്യസ്തമാണ്.
ആൻഡ്രോയിഡ് 14 മുതൽ ഗൂഗിൾ അവതരിപ്പിച്ച എഐകോർ (AICore) സേവനത്തിലൂടെ ഡിവൈസിൽ പ്രവർത്തിക്കുന്ന എഐ മോഡലാണ് ജെമിനി നാനോ. ടെക്സ്റ്റ് മാത്രമുള്ള ആദ്യ പതിപ്പ് ഗൂഗിൾ പിക്സൽ 8-ലൂടെയാണ് പുറത്തിറങ്ങിയത്.
ചിത്രങ്ങളും ശബ്ദവും പ്രോസസ്സ് ചെയ്യാൻ സാധിക്കുന്ന രണ്ടാമത്തെ പതിപ്പ് പിക്സൽ 9-ലൂടെയെത്തി. മൂന്നാമത്തെ പതിപ്പ് പിക്സൽ 10-നൊപ്പം സാംസങ് ഗാലക്സി S26 ഉൾപ്പെടെയുള്ളവയിലേക്ക് എത്തി.
തുടർന്ന് സാംസങ് ഗാലക്സി Z ഫോൾഡ് 8, Z ഫ്ലിപ് 8, ഗൂഗിൾ പിക്സൽ 11 എന്നിവയ്ക്കൊപ്പം നാലാം പതിപ്പും പുറത്തിറങ്ങി. മികച്ച ഹാൻഡ്വെയ്റ്റിംഗ് പിന്തുണ, മെച്ചപ്പെട്ട
ഒ.സി.ആർ (OCR) എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കുറഞ്ഞത് 12ജിബി റാമും ആധുനിക ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റും ആവശ്യപ്പെടുന്ന ജെമിനി ഇന്റലിജൻസ് ഫീച്ചറുകൾ ജെമിനി നാനോ v3, v4 പതിപ്പുകളിൽ മാത്രമാണ് ലഭ്യമാകുന്നത്.
എന്നാൽ സാംസങ് ഗാലക്സി S26 നാനോ v3 പതിപ്പിലും, സമാന ചിപ്പ് ഉപയോഗിക്കുന്ന Z ഫോൾഡ് 8, Z ഫ്ലിപ് 8 എന്നിവ നാനോ v4 പതിപ്പിലുമാണ് പ്രവർത്തിക്കുന്നത്. ഹാർഡ്വെയർ ശേഷിയേക്കാൾ ഉപരിയായി ഡിവൈസ് പുറത്തിറങ്ങുന്ന സമയത്ത് ലഭ്യമായിരുന്ന നാനോ പതിപ്പാണ് ഇതിൽ നിർണ്ണായകമാകുന്നത്.
എന്നാൽ ഗൂഗിളിന്റെ എം.എൽ കിറ്റ് ജെൻഎഐ (ML Kit GenAI) രേഖകളിൽ പിക്സൽ 9, പിക്സൽ 10 സീരീസുകളെ നാനോ v3-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് പിക്സൽ 9 നാനോ v2 ആയിരുന്നു.
അപ്ഗ്രേഡ് സാധ്യമാണെങ്കിലും പിക്സൽ 9-ന് ജെമിനി ഇന്റലിജൻസ് ഫീച്ചറുകൾ ലഭിക്കുന്നില്ല. ടാസ്ക് ഓട്ടോമേഷൻ, റാംബ്ലർ (Rambler), ക്രിയേറ്റ് മൈ വിജറ്റ്, ഇന്റലിജന്റ് ഓട്ടോഫിൽ എന്നിവയാണ് പ്രധാന ജെമിനി ഇന്റലിജൻസ് ഫീച്ചറുകൾ.
നാനോ v3 അല്ലെങ്കിൽ v4 ഡിവൈസുകൾ ഉണ്ടെങ്കിൽ പോലും ഈ ഫീച്ചറുകളെല്ലാം ലഭിക്കുമെന്ന് ഉറപ്പില്ല. ടാസ്ക് ഓട്ടോമേഷൻ എല്ലാ യോഗ്യതയുള്ള ഡിവൈസുകളിലും പ്രവർത്തിക്കുമ്പോൾ, ശബ്ദത്തെ ഫിൽട്ടർ ചെയ്യുന്ന റാംബ്ലർ ഫീച്ചർ പിക്സൽ 11-ൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
പഴയ ഫ്രാഗ്മെന്റേഷന് നാല് പാളികളാണുണ്ടായിരുന്നത്. എന്നാൽ പുതിയ ഫ്രാഗ്മെന്റേഷന് ഒറ്റ പാളിയേ ഉള്ളൂ, അത് ഗൂഗിൾ തന്നെയാണ്.
ഈ പ്രശ്നത്തിന് ആഗോള ടെക് ഭീമൻ എന്ത് പരിഹാരമാണ് കാണുക എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

