ഉച്ചകോടി സമാപിക്കുമ്പോൾ, സംയുക്ത പ്രസ്താവനയിൽ സമവായം കണ്ടെത്താനായതിന്റെ നേട്ടത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് അഭിമാനിക്കാമെന്ന് റിപ്പോർട്ട്. ഉച്ചകോടിയുടെ ആദ്യദിനം തന്നെ 11 അംഗരാജ്യങ്ങളും ഏകകണ്ഠേന അംഗീകരിച്ച, ന്യൂഡൽഹി ഡിക്ലറേഷൻ എന്നു പേരിട്ട
സംയുക്ത പ്രസ്താവന ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇന്ത്യയ്ക്കായി. ഇക്കൊല്ലം മേയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം സംയുക്ത പ്രഖ്യാപനത്തിലെത്താനാകാതെ പിരിഞ്ഞതിനുശേഷം ഇത്തരമൊരു നേട്ടം കൈവരിക്കാനായത് ഇന്ത്യൻ നയതന്ത്രത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് സമവായത്തിലെത്താൻ കഴിയാതിരുന്നതാണ് അന്ന് സംയുക്ത പ്രഖ്യാപനം സാധ്യമാകാതിരിക്കാൻ കാരണം. അന്ന് അംഗരാജ്യങ്ങളായ ഇറാനും യുഎഇയും വിരുദ്ധധ്രുവങ്ങളിലുറച്ചു നിന്നു.
യുഎസ്–ഇസ്രയേൽ ആക്രമണങ്ങളെ അപലപിക്കണമെന്ന് ഇറാൻ വാദിച്ചപ്പോൾ, ഇറാന്റെ പക്ഷം പിടിച്ചുള്ള പ്രസ്താവന അനുവദിക്കില്ലെന്നായിരുന്നു യുഎഇയുടെ നിലപാട്. എന്നാൽ ഈ വെല്ലുവിളിയെ വിജയകരമായി അതിജീവിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
നാലു മാസങ്ങൾക്കുശേഷം യുഎഇയെയും ഇറാനെയും സമവായത്തിലെത്തിക്കാൻ നടത്തിയ നീക്കങ്ങൾക്ക് പിന്നിൽ ഉന്നതതല ചർച്ചകളുണ്ടായിരുന്നു. ഉച്ചകോടിയുടെ തലേന്നു തന്നെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.
ഉച്ചകോടിയുടെ ആദ്യദിനം പുലർച്ചെ വരെ ഇന്ത്യയുടെ ഷെർപ സുധാകർ ദലേലയും സംഘവും നടത്തിയ മാരത്തൺ ചർച്ചകളുടെ ഫലവും ഈ സമവായത്തിൽ വ്യക്തമാണ്. ഉച്ചകോടിക്കിടെ മസൂദ് പെസെഷ്കിയാനും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ഇന്ത്യ മുൻകൈയെടുത്തിരുന്നു.
യുദ്ധങ്ങളിൽ പക്ഷം പിടിക്കലല്ലാതെ, അതിശ്രദ്ധയോടെയാണ് ന്യൂഡൽഹി ഡിക്ലറേഷനിലെ ഓരോ വാക്കും രൂപകൽപ്പന ചെയ്തിട്ടുള്ളത്. പശ്ചിമേഷ്യൻ യുദ്ധം, റഷ്യ–യുക്രെയ്ൻ യുദ്ധം എന്നിവയെക്കുറിച്ചു പറയുന്നിടത്ത് ഒരു രാജ്യത്തിന്റെയും പേര് നേരിട്ട് പരാമർശിക്കാതിരിക്കാൻ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടന, ഐഎംഎഫ് ഉൾപ്പെടെയുള്ള രാജ്യാന്തര ഫോറങ്ങളുടെ നവീകരണം, ഡോളറിന് ബദൽ സംവിധാനം, തീരുവ ഭീഷണി, പഹൽഗാം ഭീകരാക്രമണം, ഗാസ, ഊർജ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിക്കു മുൻപായി നാനൂറോളം യോഗങ്ങളും ചർച്ചകളും നടത്തി മികച്ച ഗ്രൗണ്ട് വർക്ക് പൂർത്തിയാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ലബനനിലെ ആക്രമണങ്ങളെക്കുറിച്ചുള്ള 35–ാം ഖണ്ഡികയിൽ ഇസ്രയേലിന്റെ ആക്രമണങ്ങളെ പരാമർശിക്കുകയും, ലബനീസ് സർക്കാരുമായുള്ള ധാരണ മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഡോളറിനു പകരം തദ്ദേശ കറൻസികളിൽ ബ്രിക്സ് രാജ്യങ്ങൾ വ്യാപാരം നടത്തണമെന്ന നിർദ്ദേശവും പ്രഖ്യാപനത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

