സംസ്ഥാനത്ത് ആയുർദൈർഘ്യം വർധിച്ചുവരുന്നതും മുതിർന്ന പൗരന്മാരുടെ എണ്ണം ഉയരുന്നതും ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ദീർഘകാലവും ആരോഗ്യപരവുമായ ജീവിതം ഉറപ്പുവപ്പടിക്കുന്നതിനായുള്ള പ്രതിരോധ പദ്ധതികൾ നിലവിലുള്ള സാഹചര്യത്തിൽ തന്നെ രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെ 33-ാമത് ദേശീയ സമ്മേളനമായ ഐസിസികോൺ 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ സമൂഹത്തിൽ പടരുന്നത് ഹൃദ്രോഗ സാധ്യതയും ആശങ്കജനകമാംവിധം വർധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക കാലത്തെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങളും ദിനചര്യകളും അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.
ചികിത്സാ സൗകര്യങ്ങൾ ഒപ്പം തന്നെ രോഗപ്രതിരോധത്തിനും ഹൃദ്രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോടെക്നോളജി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ രോഗനിർണയ രംഗത്തും ചികിത്സാ രീതികളിലും വലിയ തോതിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
പുതിയ മരുന്നുകളും ചികിത്സാ രീതികളും നിരന്തരമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ആരോഗ്യ സംവിധാനങ്ങളും സർക്കാരുകളും വിവിധ മെഡിക്കൽ സംഘടനകളും ഭാവിയിലെ ജനസംഖ്യാ-ആരോഗ്യ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടപ്പിൽ ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി (ഐ.സി.സി.) സ്ഥിരംക്ഷണിതാവും ലോക്സഭാംഗവുമായ ഡോ. സി.എൻ.
മഞ്ജുനാഥ്, ദേശീയ പ്രസിഡന്റ് ഡോ. കെ.എച്ച്.
ശ്രീനിവാസ, പ്രസിഡന്റ് ഇലക്ടും സയന്റിഫിക് കമ്മറ്റി ചെയർമാനുമായ ഡോ. എ.
ജാബിർ; ടോണി ചമ്മണി എം എൽ എ; സെക്രട്ടറി ഡോ. സി.എം.
നാഗേഷ്, ഓർഗനൈസിങ് ചെയർമാൻ ഡോ. കെ.
സുരേഷ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ്, ഡോ.
പി.കെ. അശോകൻ; ഡോ.
നടേശ് ബി.എച്ച് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ഹൃദ്രോഗ ചികിത്സ കൂടുതൽ കൃത്യതയാർന്നതും രോഗിക്ക് ഏറ്റവും അനുയോജ്യവുമായ രീതിയിലേക്ക് മാറ്റുന്നതാണ് പുതിയ സാങ്കേതികവിദ്യകളെന്ന് ഡോ.
എ. ജാബിർ അഭിപ്രായപ്പെട്ടു.
ഹൃദയധമനിയിലെ തടസ്സമുള്ള ഭാഗത്ത് നേരിട്ട് മരുന്ന് എത്തിക്കുന്ന ഡ്രഗ് കോട്ടഡ് ബലൂൺ ഉപയോഗപ്പെടുത്തുമ്പോൾ പല രോഗികളിലും സ്ഥിരമായ ഒരു സ്റ്റെന്റ് സ്ഥാപിക്കേണ്ട ആവശ്യം ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി കത്തീറ്ററിലൂടെ (നേരിയ ട്യൂബ് വഴി) തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കുന്ന ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (TAVR) പോലുള്ള നൂതന ചികിത്സാ രീതികളും കൂടുതൽ രോഗികൾക്ക് ആശ്വാസകരമാവുകയാണ്. പുതിയ മരുന്നുകൾ, ആധുനിക ഇമേജിങ് സംവിധാനങ്ങൾ, കത്തീറ്റർ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയുടെ വരവോടെ ഓരോ രോഗിക്കും ഏത് ഘട്ടത്തിൽ ഏത് ചികിത്സ നൽകണം എന്ന ഡോക്ടറുടെ തീരുമാനം കൂടുതൽ നിർണായകമായി മാറിയിട്ടുണ്ടെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ.
കെ. സുരേഷ് പറഞ്ഞു.
മരുന്നുകൾ പതിവായി കഴിച്ചിട്ടും നിയന്ത്രണവിധേയമാകാത്ത ഉയർന്ന രക്തസമ്മർദത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും പുതിയ ചികിത്സാ മാർഗങ്ങൾ തേടാനും ഈ സമ്മേളനം പ്രത്യേക മുൻഗണന നൽകുന്നുണ്ടെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ് പറഞ്ഞു.
രക്തസമ്മർദം ഫലപ്രദമായി നിയന്ത്രിക്കുന്നത് വഴി ഹൃദായാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുള്ള സാധ്യത വലിയ അളവിൽ കുറയ്ക്കാൻ കഴിയും. ഇതിനായി പുതിയ ഔഷധങ്ങൾക്കൊപ്പം കത്തീറ്റർ ചികിത്സയുടെ സാധ്യതകളും വിദഗ്ധർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുന്ന പൾമണറി എംബോളിസം എന്ന ഗുരുത്വാവസ്ഥയും സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. രോഗിയുടെ ശാരീരികാവസ്ഥ അനുസരിച്ച് രക്തക്കട്ട
അലിയിക്കുന്ന മരുന്നുകൾ മുതൽ കത്തീറ്റർ ചികിത്സ വരെ ലഭ്യമാക്കാൻ സാധിക്കും. രോഗാവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് ഒട്ടും സമയം നഷ്ടപ്പെടുത്താതെ ശരിയായ ചികിത്സാ രീതി തിരഞ്ഞെടുക്കുക എന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്ന് ഡോ.
വിനോദ് തോമസ് വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ശാസ്ത്രസമ്മേളനത്തിൽ നിയന്ത്രിക്കാനാവാത്ത രക്തസമ്മർദം, ഹൃദയസ്തംഭനം, ഗുരുതരമായ ഹൃദായാഘാതം, സങ്കീർണ്ണമായ ഹൃദയധമനി രോഗങ്ങൾ എന്നിവയിലെ ചികിത്സാ തീരുമാനങ്ങൾ വിദഗ്ധർ വിലയിരുത്തും.
കാൽസ്യം കൂടുതലായി അടിഞ്ഞുകൂടി പൂർണമായും അടഞ്ഞുപോയ ഹൃദയധമനികളിലെ ആധുനിക ആൻജിയോപ്ലാസ്റ്റി, ഇമേജിങ് സഹായത്തോടെയുള്ള ചികിത്സകൾ, ഡ്രഗ് കോട്ടഡ് ബലൂണുകളുടെ പുതിയ സാധ്യതകൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന പ്രത്യേക സെഷനുകളും നടക്കുന്നുണ്ട്. വെൻട്രിക്കുലാർ ടാക്കികാർഡിയ, ലീഡ്ലെസ് പേസ്മേക്കർ, അയോർട്ടിക് വാൽവ് രോഗങ്ങൾക്കുള്ള നൂതന ചികിത്സകൾ, കാർഡിയാക് ഇമേജിങ് എന്നിവയും ചർച്ചാ വിഷയമായി.
പൾമണറി എംബോളിസം ബാധിച്ചവരിൽ ഏതൊക്കെ വിഭാഗം രോഗികൾക്ക് രക്തക്കട്ട അലിയിക്കുന്ന മരുന്ന് നൽകണം, എപ്പോഴാണ് കത്തീറ്റർ ചികിത്സ തിരഞ്ഞെടുക്കേണ്ടത് തുടങ്ങിയ നിർണായകമായ കാര്യങ്ങളും അവലോകനം ചെയ്തു.
നാനോടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക മേഖലകളും ഈ ശാസ്ത്ര പരിപാടിയുടെ ഭാഗമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധർക്ക് പുറമെ ജർമനി, അമേരിക്ക, മലേഷ്യ, ശ്രീലങ്ക, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ധരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

