മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച (13) വൈകിട്ട് 5 മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. പ്രമുഖ വ്യക്തിയുടെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് റൂട്ടുകളിൽ നിയന്ത്രണം നടപ്പിലാക്കുന്നത്.
വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയുള്ള പ്രദേശങ്ങളിലും, മലാപ്പറമ്പ് മുതൽ കുന്നമംഗലം – മടവൂർ വരെയുള്ള പാതകളിലും വൈകിട്ട് 5 മണി മുതൽ പൂർണ്ണമായും ഗതാഗത നിയന്ത്രണം നിലവിൽ വരും. വിവിഐപി വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ഈ റൂട്ടുകളിൽ വാഹനഗതാഗതം പൂർണ്ണമായി തടയും.
യാത്രാ വഴിമാറ്റങ്ങൾ ഇവയാണ്: വയനാട് ഭാഗത്തുനിന്നും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴി പോകേണ്ടതാണ്.
കൊടുവള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പടനിലം – കളരിക്കണ്ടി – വരട്ട്യാക്ക് – പെരിങ്ങളം വഴിയും, മുക്കം ഭാഗത്തുനിന്നുള്ളവ ചെത്തുകടവ് – പെരിങ്ങളം വഴിയും യാത്ര തിരിക്കണം. കണ്ണൂർ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ എലത്തൂർ – പാവങ്ങാട് – നടക്കാവ് വഴിയും, യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ളവ ഇടിമൂഴിക്കൽ – രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂർ വഴിയും സിറ്റിയിലേക്ക് പ്രവേശിക്കണം.
സിറ്റി ഭാഗത്തുനിന്നും കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മെഡിക്കൽ കോളജ് – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ – മനത്താനത്ത് റോഡ് വഴി പോകേണ്ടതാണ്.
മലാപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങളും പൂളക്കടവ് – ഇരിങ്ങാടൻ പള്ളി – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ – മനത്താനത്ത് റോഡ് വഴി കുന്നമംഗലത്തേക്ക് തിരിച്ചുവിടുന്നതാണ്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ യാത്രാവേളകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മുൻകൂട്ടി യാത്ര തിരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കൂടാതെ, മലാപ്പറമ്പ് മുതൽ കുന്നമംഗലം – മടവൂർ വരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും യാതൊരുവിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ലെന്നും കർശന നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

