കുന്ദമംഗലം മേഖലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനം അടപ്പിച്ചു. കുന്ദമംഗലം മുറിയനാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ പാരഡൈസ് ആണ് അധികൃതരുടെ പരിശോധനയിൽ താൽക്കാലികമായി പൂട്ടിച്ചത്.
ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങൾ നൽകുന്നുവെന്ന പ്രദേശവാസികളുടെ ശക്തമായ പരാതിയെത്തുടർന്നായിരുന്നു നടപടി. പരിശോധനയിൽ സ്ഥാപനത്തിനുള്ളിൽ നിന്ന് പഴകിയ നിലയിലുള്ള ചിക്കനും മീനും ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു.
പരിശോധനയിൽ ഹോട്ടലിന്റെ ലൈസൻസ് കൃത്യമായി പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ, പാചക ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡുകളും ഉണ്ടായിരുന്നില്ല.
പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർണ്ണമായും നശിപ്പിച്ചു. തുടർനടപടികളുടെ ഭാഗമായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അനു എ.പി., ജിതിൻ രാജ് പി. (ഭക്ഷ്യസുരക്ഷാ ഓഫീസർമാർ), ഷാബി പെരുവയൽ (ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ), ജാബിർ (പോലീസ് സബ് ഇൻസ്പക്ടർ) എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

