സ്കൂൾ തലത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ പുതിയ സംരംഭത്തിന് തുടക്കമിട്ട് മുത്തൂറ്റ് ഗ്രൂപ്പ്. അടുത്ത അഞ്ച് വർഷത്തേക്കാണ് പദ്ധതിക്കായി ഈ തുക വകയിരുത്തിയിരിക്കുന്നത്.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ നൂതനമായ എഐ ആശയങ്ങളെ പ്രോട്ടോടൈപ്പുകളായും പൂർണ്ണരൂപത്തിലുള്ള ഉൽപ്പന്നങ്ങളായും മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് ‘മുത്തൂറ്റ് യങ് എഐ ഇന്നൊവേറ്റേഴ്സ്’ പദ്ധതി നടപ്പിലാക്കുന്നത്. ഇൻഫോപാർക്ക് ഫേസ് രണ്ടിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള സൻസ്കാര സ്കൂൾ ആയിരിക്കും ഈ സംരംഭത്തിന്റെ ഇൻക്യുബേറ്റർ ചുമതല നിർവഹിക്കുക.
പ്രാരംഘ ഘട്ടത്തിൽ കേരളത്തിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടുതുടங்கும் പദ്ധതി, പിന്നീട് ഘട്ടംഘട്ടമായി രാജ്യമാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. സാങ്കേതിക സഹായം, വിദഗ്ധരുടെ മേൽനോട്ടം, സാമ്പത്തിക പിന്തുണ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാകും.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്ക് 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പ്രാരംഭ ഗ്രാന്റായി നൽകും. ഇതിനുപുറമെ, മികച്ച സാധ്യതകളുള്ള പ്രോജക്ടുകൾക്ക് 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ തുടർനിക്ഷേപവും മുത്തൂറ്റ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
“ഓരോ വർഷവും ഹാക്കത്തൺ സംഘടിപ്പിക്കുമ്പോൾ വിദ്യാർഥികളിൽ നിന്ന് മികച്ച ആശയങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ ഒരു സമ്മാനം കൊണ്ട് ഇവരുടെ യാത്ര അവസാനിക്കരുത്.
അവരുടെ മികച്ച ആശയങ്ങളെ അടുത്ത തലത്തിലേക്ക് വളർത്താൻ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം”– മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് വ്യക്തമാക്കി. ഗ്രൂപ്പിന് കീഴിലുള്ള സൻസ്കാര സ്കൂൾ, മിറ്റ്സ് കൊച്ചി, മുത്തൂറ്റ് ബിസിനസ് സ്കൂൾ, എംസൈൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഹാക്ക് യുവർ ഫ്യൂച്ചർ സീസൺ 2
ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി മിറ്റ്സ് കൊച്ചിയും ഗൂഗിൾ ക്ലൗഡും ചേർന്ന് സംസ്കാര സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഹാക്ക് യുവർ ഫ്യൂച്ചർ – സീസൺ 2’ കോഡിങ് ഹാക്കത്തണിന്റെ സമാപന വേദിയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. രണ്ട് ദിവസങ്ങളിലായി നടന്ന ബൂട്ട് ക്യാമ്പിലും ഹാക്കത്തണിലുമായി കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 25 ടീമുകളാണ് മാറ്റുരച്ചത്.
മത്സരത്തിൽ കാക്കനാട് മാർ തോമ പബ്ലിക് സ്കൂൾ ജേതാക്കളായി. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠഭാഗങ്ങൾ ദൃശ്യരൂപത്തിൽ ലളിതമായി വിശദീകരിക്കുന്ന ‘ലേൺലി’ എന്ന ആപ്പാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്.
വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ ചലനങ്ങൾ കൃത്യമാക്കാൻ സഹായിക്കുന്ന ‘ഫ്ലെക്സ് അലൈൻ എഐ’ നിർമിച്ച തൃപ്പൂണിത്തുറ ചോയിസ് സ്കൂൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പഠനവേളയിൽ ശ്രദ്ധ തിരിക്കുന്ന മറ്റ് ആപ്പുകൾ ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന ‘സ്റ്റഡിസ്ക്രോൾ’ അവതരിപ്പിച്ച കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

