ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണ് മരണപ്പെട്ടത്.
കുട്ടികളുടെ ഉള്ളിൽ വിഷാംശം ചെന്നെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകേണ്ടതുണ്ട്.
ചിതലിനെ കൊല്ലാൻ ഉപയോഗിക്കുന്ന മരുന്നിന്റെ കുപ്പിയുടെ അടിഭാഗം ചോർന്ന് തറയിലേക്ക് വീഴുകയും, കുട്ടികൾ അത് കഴിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഈ മൊഴി ശരിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയതെന്ന് പിതാവ് പൊലീസിനോട് വ്യക്തമാക്കി. സംഭവ സമയം വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസം മുൻപാണ് ഈ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനായി എത്തിയത്. എന്നാൽ കുടുംബം എത്തുന്നതിന് മുൻപ് തന്നെ ചിതൽ നശിപ്പിക്കുന്നതിനുള്ള മരുന്ന് ഈ വീട്ടിലുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേ കുട്ടിയെ പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. എന്നാൽ രണ്ട് കുട്ടികളും ആശുപത്രിയിലെത്തിയ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

