മൂവാറ്റുപുഴ ∙ ചിങ്ങമാസത്തിൽ മഴ മാറി നിന്ന് സംസ്ഥാനത്ത് കടുത്ത ചൂട് ഉയർന്നതോടെ പൈനാപ്പിൾ കർഷകർ വൻആശങ്കയിൽ. വിളവെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെ, സൂര്യതാപമേറ്റു വിളകൾ നശിക്കാതിരിക്കാൻ തോട്ടങ്ങളിൽ തണലൊരുക്കുന്ന തിരക്കിലാണ് കർഷകർ.
അന്തരീക്ഷ താപനിലയ്ക്കും മുകളിലുള്ള കടുത്ത വേനൽച്ചൂടും സൂര്യപ്രകാശവും നേരിട്ട് അടിക്കുന്നതു മൂലം പഴങ്ങളുടെ ഒരു വശത്ത് പൊള്ളൽ അനുഭവപ്പെടുകയും കായ്കൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. വെയിലടിക്കുന്നതോടെ പഴത്തിന്റെ തോട് മഞ്ഞനിറം മാറി വെളുക്കുകയോ കരിഞ്ഞുണങ്ങുകയോ ചെയ്യും.
പഴത്തിനുള്ളിലെ നീര് വറ്റി സ്വാഭാവിക രുചിയും മണവും നഷ്ടപ്പെടും. ഉള്ളിലെ താപനില ഉയരുന്നതോടെ പഴങ്ങൾ ചീഞ്ഞുതുടങ്ങുകയും വിപണനം അസാധ്യമാവുകയും ചെയ്യും.
ഇതാണു കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. പഴങ്ങൾക്ക് നേരിട്ട് വെയിലടിക്കാതിരിക്കാൻ വൈക്കോൽ, ഉണങ്ങിയ പുല്ല്, ചപ്പിലകൾ, തെങ്ങിന്റെ ഓല എന്നിവ ഉപയോഗിച്ച് പഴങ്ങൾ മൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
വലിയ തോട്ടങ്ങളിൽ 35- 50% തണൽ നൽകുന്ന ഷേഡ് നെറ്റുകളാണ് മൂടാൻ ഉപയോഗിക്കുന്നത്. വിളവെടുക്കാൻ ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെ ഇത് കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.
സാധാരണഗതിയിൽ ചിങ്ങമാസത്തിൽ ഇത്തരമൊരു സ്ഥിതി അപൂർവമാണെന്ന് കർഷകർ പറയുന്നു. നിലവിൽ പച്ച പൈനാപ്പിളിന്റെ വില കിലോഗ്രാമിന് 40 രൂപയ്ക്ക് മുകളിലാണ്.
എന്നാൽ, വേനൽക്കാലത്ത് കൃഷി പരിപാലനത്തിനായി നനയ്ക്കാനും പൊതിയാനും വലിയ തുക ചെലവാകുന്നതിനാൽ 50 രൂപ ലഭിച്ചാൽ പോലും വലിയ ലാഭം ഉണ്ടാകാറില്ലെന്നു കർഷകർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

