കഴിഞ്ഞ വർഷം നവംബറിൽ ചെങ്കോട്ടയ്ക്കു സമീപം 11 പേരുടെ മരണത്തിന് കാരണമായ കാർബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അക്രമികളുടെ പ്രാഥമിക ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ലെന്നും ലാൽ മന്ദിർ എന്ന ജെയ്ന ക്ഷേത്രമായിരുന്നെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനായി മൂത്രത്തിൽനിന്നു യൂറിയ വേർതിരിച്ചെടുക്കുന്ന രീതിയാണ് ആക്രമണം നടത്തിയ ഡോ. ഉമർ ഉൻ നബി ഉപയോഗിച്ചിരുന്നത്.
അന്വേഷണ ഏൻസികളുടെ നിരീക്ഷണത്തിൽനിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ഈ മാർഗം സ്വീകരിച്ചതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉമറിന്റെ സഞ്ചാരപാത, മൊബൈൽ ഫോൺ ഉപയോഗം, ചെങ്കോട്ടയ്ക്കു സമീപം നൂഹിൽ വാടക കെട്ടിടത്തിൽ താമസിച്ച് സ്ഫോടകവസ്തുക്കൾ നിർമിച്ചത് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളുടെ മൊഴികളും ഫൊറൻസിക് തെളിവുകളും എൻഐഎ ശേഖരിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ തലേദിവസം വരെ, 11 ദിവസത്തോളം നൂഹിലെ ഒരു വാടകമുറിയിൽ താമസിച്ചാണ് ഉമർ സ്ഫോടകവസ്തുക്കൾ നിർമിച്ചതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഉമറിന്റെയും കുറ്റകൃത്യത്തിൽ പങ്കാളിയായ ഷഹീൻ സയീദിന്റെയും പെൻഡ്രൈവുകളിൽനിന്ന് യൂറിയ നൈട്രൈറ്റ് ഉപയോഗിച്ചു സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിന്റെ മാർഗരേഖകളും മൂത്രത്തിൽനിന്ന് യൂറിയ വേർതിരിച്ചെടുക്കുന്ന വിവിധ മാർഗങ്ങളും അടങ്ങിയ പിഡിഎഫ് ഫയലുകൾ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കി.
ഉമർ താമസിച്ച മുറിയിൽ മൂത്രം നിറച്ച പോളിബാഗ് കണ്ടെടുത്തെന്നും ഇതിൽനിന്നു കടുത്ത ദുർഗന്ധം വമിച്ചതായി നേരത്തെ അടുത്തു താമസിച്ച സ്ത്രീ പരാതിപ്പെട്ടിരുന്നെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അതേസമയം, അക്രമികളുടെ പ്രാഥമിക ലക്ഷ്യം ചെങ്കോട്ട
ആയിരുന്നില്ലെന്നും ലാൽ മന്ദിർ എന്ന ജെയ്ന ക്ഷേത്രമായിരുന്നെന്നും കടുത്ത ഗതാഗതക്കുരുക്ക് കാരണം അവസാനനിമിഷം പദ്ധതി മാറിയതാണെന്നും കുറ്റപത്രത്തിൽ പറയുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി വൈകിട്ട് 6.37 ഓടെ ലാൽ മന്ദിറിനു സമീപം പാർക്ക് ചെയ്യാനാണ് ഉമർ എത്തിയത്.
എന്നാൽ ഗതാഗത കുരുക്കും പൊലീസിന്റെ സാന്നിധ്യവും കാരണം വാഹനം യു ടേൺ എടുത്ത് ചെങ്കോട്ടയ്ക്കു സമീപം എത്തുകയായിരുന്നു. തുടർന്ന് 6.50 ഓടെ സ്ഫോടനം നടക്കുകയായിരുന്നെന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2023 നും 2025 നും ഇടയിൽ ഏതാണ്ട് 12 തവണ ഉമർ ചെങ്കോട്ട സന്ദർശിച്ചിട്ടുണ്ടെന്നും അവസാന സന്ദർശനം സ്ഫോടനത്തിന് ആറുമാസം മുൻപ് മേയ് ഒന്നിനായിരുന്നെന്നും എൻഐഎ വെളിപ്പെടുത്തുന്നു.
സന്ദർശന സമയം ഉമറും കൂട്ടാളികളും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുമായിരുന്നെന്നും ഇത് ഡിജിറ്റൽ രേഖകൾ ട്രാക്ക് ചെയ്യാതിരിക്കാനാണെന്നും ഏജൻസി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

