യുകെയിലെ വ്യോമഗതാഗത സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി കനത്ത യാത്രാതടസ്സം. ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ ഏകദേശം മുന്നൂറോളം വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കി.
റദ്ദാക്കിയ സർവീസുകൾക്ക് പുറമേ നൂറുകണക്കിന് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ‘ഫ്ലൈറ്റ്റഡാർ 24’ ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
വിമാനങ്ങളുടെ ഫ്ലൈറ്റ് പ്രൊസസിങ് സിസ്റ്റത്തിലാണ് സാങ്കേതിക തകരാർ നേരിട്ടതെന്ന് യുകെയുടെ നാഷണൽ എയർ ട്രാഫിക് സർവീസസ് ഔദ്യോഗികമായി അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിച്ച് സിസ്റ്റം സാധാരണ നിലയിലാക്കാൻ എഞ്ചിനീയർമാർ തീവ്രശ്രമം നടത്തിയിരുന്നു.
നിലവിൽ തകരാർ പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമപാത പൂർണ്ണമായി അടച്ചിട്ടില്ലെങ്കിലും സർവീസുകൾ പൂർവസ്ഥിതിയിലാകുവാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
ബ്രിട്ടീഷ് എയർവേസ്, ഈസിജെറ്റ്, കെ.എൽ.എം, ലുഫ്ത്താൻസ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവീസുകളെയാണ് ഈ സാങ്കേതിക തടസ്സം പ്രധാനമായും ബാധിച്ചത്. ലണ്ടനിലെ പ്രമുഖ വിമാനത്താവളങ്ങളായ ഹിത്രൂ, ഗാറ്റ്വിക്, സ്റ്റാൻസ്റ്റെഡ്, ലണ്ടൻ സിറ്റി എയർപോർട്ട് എന്നിവയ്ക്ക് പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, എഡിൻബറോ തുടങ്ങിയ പ്രധാന താവളങ്ങളിലും വലിയതോതിൽ സർവീസുകൾ തടസ്സപ്പെട്ടു.
പ്രത്യേകിച്ച് ഹിത്രൂ വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിലവിലുള്ള യാത്രാതടസ്സങ്ങൾ കണക്കിലെടുത്ത്, വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ സർവീസ് സമയം ബന്ധപ്പെട്ട
കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

