കുമളിയിൽ പതിനാറുകാരിയായ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് വലയിലാക്കി. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ കൊല്ലം പട്ടട
സ്വദേശി ഗോഡ്സൺ ആണ് കൊച്ചിയിലെ ഒളിത്താവളത്തിൽ വെച്ച് കുമളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് പതിനാറുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തായ അഭിരാജൻ നേരത്തെ അറസ്റ്റിലായിരുന്നു.
തുടരന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ച മറ്റ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. മാതാവിന്റെ സുഹൃത്തായ ഗോഡ്സൺ തന്നോട് അതിക്രമത്തിന് തുനിഞ്ഞതായും മോശമായി പെരുമാറിയതായും പെൺകുട്ടി സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.
ഇക്കാര്യം ചോദിച്ചറിഞ്ഞ മാതാവിനെയും ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി വിവരമുണ്ട്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന മാതാവ് ഗോഡ്സണൊപ്പമായിരുന്നു താമസം.
വീട്ടിൽ നേരിടേണ്ടി വന്ന കടുത്ത ശാരീരിക-മാനസിക പീഡനങ്ങളും ഗോഡ്സന്റെ ദുരുദ്ദേശപരമായ പെരുമാറ്റവുമാണ് വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവം നടന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും രണ്ടാം പ്രതിയായ ഗോഡ്സണെ പിടികൂടാത്തതിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഇതോടെ ഇടുക്കി എസ്.പി. എ.
നസീം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളിലൂടെയാണ് പ്രതി കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് പുലർച്ചെ കുമളി എസ് ഐ എം ജി അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഒളിസങ്കേതത്തിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

