മണർകാട് കത്തീഡ്രൽ പള്ളിയുടെ നടതുറന്നതോടെ വിവിധ ദേശങ്ങളിൽ നിന്നും നോമ്പാചരണവുമായി എത്തിയ നാനാജാതി മതസ്ഥരായ വിശ്വാസികളുടെ വൻ തീർഥാടകപ്രവാഹം. ദേവാലയത്തിനകത്തും പരിസരത്തുമായി നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും വിശുദ്ധ ഛായാചിത്രം ദർശിക്കുന്നതിനും അതോടൊപ്പം സൂനോറോ വണങ്ങുന്നതിനുമായി എത്തിയ വിശ്വാസികളുടെ നീണ്ടനിര നാടകശാലയ്ക്കു പുറത്തേക്കുവരെ നീണ്ടിരിക്കുകയാണ്. ദേവാലയത്തിൽ ഭജനമിരുന്നു പൂർണസമയവും എട്ടുനോമ്പ് ആചരിച്ച തീർഥാടകർ ഇന്നു രാവിലെ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം മടക്കയാത്രയാകും.
വിശ്വാസികൾക്കായി ഏർപ്പെടുത്തിയിരുന്ന നേർച്ചക്കഞ്ഞി വിതരണം ഇന്നലെ അർധരാത്രിയോടെ സമാപിച്ചു. പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കൽക്കുരിശിനു മുൻപിൽ മെഴുകുതിരികൾ കത്തിക്കുന്നതിനായി ഒരുക്കിയിട്ടുള്ള പ്രത്യേക സ്ഥലവും ഇപ്പോൾ പ്രാർഥനാമുഖരിതമാണ്.
സദാസമയവും എരിഞ്ഞുനിൽക്കുന്ന മെഴുകുതിരികൾക്കു മുന്നിൽ ഭക്തിയോടെ തിരികത്തിച്ചു കൂപ്പുകൈകളോടെ പ്രാർത്ഥനകളിൽ മുഴുകുകയാണ് വിശ്വാസികൾ. നടതുറന്നതുമുതൽ മദ്ബഹയിലെ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കാൻ എല്ലാവർക്കും സാധിക്കുന്നുണ്ട്.
പെരുന്നാളിന്റെ ഭാഗമായി പള്ളിയുടെ നാടകശാലയിൽ ഇന്നലെ പരിചമുട്ടുകളി, മാർഗംകളി എന്നിവയും അരങ്ങേറി. മാർഗംകളി ആസ്വദിക്കാനും നിരവധിപേരാണ് എത്തിച്ചേർന്നത്.
ഇന്നത്തെ പ്രധാന ചടങ്ങുകൾ: കരോട്ടെ പള്ളി: കുർബാന– രാവിലെ 6.00-ന് താഴത്തെ പള്ളി: മൂന്നിന്മേൽ കുർബാന (മുഖ്യകാർമികത്വം: ഐസക് മാർ ഒസ്താത്തിയോസ്)– രാവിലെ 8.30-ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം– ഉച്ചയ്ക്ക് 2.00-ന് ആശീർവാദം, നേർച്ചവിളമ്പ്– ഉച്ചകഴിഞ്ഞ് 3.00-ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

