കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ നിയമനടപടികൾ കർശനമാക്കി അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ കുറത്തികാട് സ്വദേശിയും മാവേലിക്കരയിലെ കോളജിൽ ബികോം വിദ്യാർഥിയുമായ സനീഷ് (20) ആണ് ഇപ്പോൾ തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
ടെലിഗ്രാമിലെ വിവിധ സ്വകാര്യ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വ്യാജമായി നിർമിച്ച അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ക്യുആർ കോഡ് വഴി പണം ഈടാക്കി നൽകിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ഭാരതമാതാ കോളജ് വിദ്യാർഥി എസ്.
ശ്രീഹരി ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചത്. എന്നാൽ ശ്രീഹരി ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്നില്ല എന്നാണ് പൊലീസ് നൽകുന്ന വിവരം.
കൂടുതൽ ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് സനീഷ് പണം കൈപ്പറ്റിയതിന്റെ വ്യക്തമായ തെളിവുകൾ കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം കണ്ടെത്തിയിട്ടുണ്ട്. വലിയ തോതിലുള്ള ടെലിഗ്രാം ഗ്രൂപ്പുകളിൽ നിന്ന് പ്രത്യേക താൽപര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
തുടർന്ന് പണം അയക്കുന്നതിനായി ക്യുആർ കോഡുകൾ പങ്കുവെക്കുകയായിരുന്നു ഇയാളുടെ രീതി. ടെലിഗ്രാം ഗ്രൂപ്പിന്റെ അഡ്മിനായി പ്രവർത്തിച്ച സനീഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസ് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നു വൈകുന്നേരത്തോടെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ ബിഎൻഎസ്, ഐടി ആക്ട്, കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സാമ്പത്തിക തെളിവുകൾ കൂടുതൽ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ടെലിഗ്രാം നെറ്റ്വർക്കിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളെയും തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്ന ഈ നെറ്റ്വർക്കിലെ കൂടുതൽ കണ്ണികൾ ഉടൻ വലയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും മുഖം മോർഫ് ചെയ്ത് സാമൂഹിമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ച കേസിലാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയും ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയുമായ എസ്.
ശ്രീഹരി ആദ്യം അറസ്റ്റിലായത്. കോളജ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത നടപടി.
തുടർന്ന് ശ്രീഹരിയെ കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട
മറ്റു പ്രതികളെയും സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് വിവിധ ഇടതു വിദ്യാർഥി സംഘടനകൾ ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

