ഗൂഗിൾ ഫോട്ടോസ് (Google Photos) ഉപയോക്താക്കൾ ഇനി ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആപ്പിലെ റീസൈക്കിൾ ബിനിൽ ബാക്ക് അപ്പ് ചെയ്തു സൂക്ഷിച്ചിരുന്ന ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവെക്കുന്ന കാലാവധി 60 ദിവസത്തിൽ നിന്ന് 30 ദിവസമായി ഗൂഗിൾ വെട്ടിച്ചുരുക്കി.
അബദ്ധത്തിൽ നഷ്ടപ്പെടുന്ന ചിത്രങ്ങൾ തിരികെ ലഭിക്കാനുള്ള സമയപരിധിയാണ് ഇതോടെ പകുതിയായി കുറഞ്ഞത്. നേരത്തെ ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ 30 ദിവസമായിരുന്നു ബിനിൽ ഡാറ്റ സൂക്ഷിച്ചിരുന്നതെങ്കിൽ, ഫോട്ടോസിൽ ഇത് 60 ദിവസമായിരുന്നു.
എന്നാൽ പുതിയ മാറ്റത്തോടെ ഫോട്ടോസിലെയും മറ്റ് സേവനങ്ങളിലെയും നിയമങ്ങൾ തുല്യമായിരിക്കുകയാണ്. ബാക്ക് അപ്പ് ചെയ്യാത്ത ഫോട്ടോകൾക്ക് നിലവിലുള്ളതുപോലെ ഇനി ബാക്ക് അപ്പ് ചെയ്തവയ്ക്കും 30 ദിവസത്തെ വിൻഡോ മാത്രമാകും ലഭിക്കുക.
ഈ സമയപരിധി കഴിയുമ്പോൾ സ്റ്റോറേജ് ഒഴിഞ്ഞെടുക്കുന്നതിനായി സിസ്റ്റം സ്വയം ഫയലുകൾ ശാശ്വതമായി നീക്കം ചെയ്യും. എന്നിരുന്നാലും, ഉപയോക്താക്കൾ സ്വയം ബിൻ തുറന്ന് ഫയലുകൾ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ ഈ 30 ദിവസത്തെ ഗ്രേസ് പിരീഡ് ബാധകമാകില്ല.
ഇത്തരം സന്ദർഭങ്ങളിൽ ഫയലുകൾ ഉടൻ തന്നെ ശാശ്വതമായി ഡിലീറ്റ് ചെയ്യപ്പെടുകയും പിന്നീട് തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും. വലിയ തോതിൽ ചിത്രങ്ങൾ ഒഴിവാക്കുമ്പോൾ പ്രിയപ്പെട്ട
ചിത്രങ്ങൾ പോലും അബദ്ധത്തിൽ നഷ്ടപ്പെടാൻ ഈ പുതിയ മാറ്റം ഇടയാക്കിയേക്കാം. അതിനാൽ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ബിൻ പരിശോധിക്കുന്നത് നന്നായിരിക്കും.
ഫോട്ടോകൾ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ആർക്കൈവ് (Archive) ചെയ്യുന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായ മാർഗ്ഗം. മെയിൻ വ്യൂവിൽ നിന്ന് ചിത്രങ്ങൾ അദൃശ്യമാക്കാനും പിന്നീട് സെർച്ച് ചെയ്ത് കണ്ടെത്താനും ആർക്കൈവ് ഫീച്ചർ സഹായിക്കും.
ഗൂഗിൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെങ്കിലും, സപ്പോർട്ട് പേജിൽ പുതിയ സമയപരിധി ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

