ചെന്നൈ: ഡിഎംകെയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുസ്ലിം ലീഗ് രംഗത്ത്. തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണം തടയുന്നതിനായി ഡിഎംകെയുടെ ഭാഗത്തുനിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായെന്ന് മുസ്ലിം ലീഗ് എംഎൽഎ എ എം ഷാജഹാൻ നിയമസഭയിൽ വ്യക്തമാക്കി.
കഴിഞ്ഞ മെയ് എട്ടിന് ലീഗിന്റെ രണ്ട് എംഎൽഎമാരെ ഒരു ഹോട്ടലിൽ പൂട്ടിയിട്ടതായി അദ്ദേഹം ആരോപിച്ചു. രാത്രി 10 മണിക്ക് ശേഷം മുറിയിൽ അടച്ചുപൂട്ടി ഭീഷണിപ്പെടുത്തിയത് ആരെയാണെന്ന കാര്യം പാർട്ടി വിലക്കുകൾ ഉള്ളതിനാൽ തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഭരണം തടയുന്നതിനാണ് വിജയ്ക്ക് പിന്തുണ നൽകിയതെന്നും എ എം ഷാജഹാൻ നിയമസഭയിൽ വ്യക്തമാക്കി. പണവും മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് ലീഗ് എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടന്നതായും ഷാജഹാൻ ആരോപിച്ചു.
ലീഗ് യോഗത്തിൽ മറ്റൊരു എംഎൽഎയായ എസ്എസ്ബി സയ്യിദ് ഫാറൂഖ് ബാഷ സമാനമായ രീതിയിൽ ആരോപണം ഉന്നയിച്ച് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് എ എം ഷാജഹാൻ സഭയിലും സമാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ചില രാഷ്ട്രീയ കക്ഷികൾ കോടിക്കണക്കിന് രൂപയും മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചിരുന്നതായി സയ്യിദ് ഫാറൂഖ് ബാഷ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ലീഗിന്റെ ജില്ലാ ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു ബാഷയുടെ പ്രതികരണം. തദ്ദേശ സ്വയംഭരണം, ഗതാഗതം എന്നീ മന്ത്രിസ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തതെന്നും എന്നാൽ പാർട്ടിയുടെ അടിത്തറയായ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ തങ്ങൾ ആ ഓഫറുകൾ തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഡിഎംകെയും തമിഴക വെട്രി കഴകവും തമ്മിലുള്ള രാഷ്ട്രീയ പോര് കനത്തിരിക്കുകയാണ്. ഡിഎംകെയ്ക്കെതിരെ കുതിരക്കച്ചവട
ആരോപണവുമായി ടിവികെ നേതാവ് രംഗത്തെത്തി. ലീഗ് എംഎൽഎമാരെ ഡിഎംകെ എംപി ജഗത് രക്ഷകന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ തടഞ്ഞുവെച്ച് കുതിരക്കച്ചവടത്തിന് ശ്രമിച്ചത് ആരെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
എന്നാൽ, നിലവിലെ സർക്കാർ പരസ്യമായ കുതിരക്കച്ചവടത്തിലൂടെയാണ് നിലനിൽക്കുന്നതെന്നായിരുന്നു ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

