കേരളത്തിൽ യുഡിഎഫും വർഗീയ ശക്തികളും ഒന്നുചേർന്നു പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് വ്യക്തമാക്കി. വെറും മൂന്ന് എംഎൽഎമാരുടെ പിന്തുണ മാത്രമുള്ള ബിജെപിയാണ് വാസ്തവത്തിൽ കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമ്പലപ്പുഴയിൽ നടന്ന സീതാറാം യച്ചൂരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഞ്ചനയും ചതിയും മാത്രമാണ് യുഡിഎഫ് സർക്കാരിൽ നിന്ന് ജനങ്ങൾക്ക് പ്രതീക്ഷിക്കാൻ സാധിക്കുകയെന്നും, രാഷ്ട്രീയ പകവീട്ടലുകളാണ് ഭരണനേട്ടമായി അവർ ഉയർത്തിക്കാട്ടുന്നതെന്നും സ്വരാജ് വിമർശിച്ചു.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾക്കും അവ നിലനിർത്തുന്നതിനും ലക്ഷക്കണക്കിന് രൂപ കോഴയായി വാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ സിപിഎം പൂർണ്ണമായും ഇല്ലാതായിപ്പോകുമെന്ന് വ്യാമോഹിക്കുന്ന ചിലർ നമുക്കിടയിലുണ്ട്.
പാർട്ടിയോട് നെറികേട് കാണിച്ചവരും ഈ നാട്ടിലുണ്ട്. എന്നാൽ, കേവലം ഒരു സീറ്റിനോ അധികാരക്കസേരയ്ക്കോ വേണ്ടി നിലപാടുകൾ മാറ്റാത്ത ആത്മാർത്ഥയുള്ള പ്രവർത്തകരാണ് പ്രസ്ഥാനത്തിന്റെ യഥാർത്ഥ കരുത്ത്.
ജനം ആവശ്യപ്പെടുമ്പോൾ തെറ്റുകൾ തിരുത്താൻ പാർട്ടി തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എച്ച്.സലാം അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സി.ഷാംജി, എ.ഓമനക്കുട്ടൻ, എ.പി.ഗുരുലാൽ, വി.കെ.ബൈജു, കെ.മോഹൻകുമാർ, ഡി.ദിലീഷ്, വി.എസ്.മായാദേവി, കെ.കൃഷ്ണമ്മ, ബി.അൻസാരി, എ.അജയകുമാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

