ചെന്നൈ വേദിയായി നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി ഈസ്റ്റ് സോൺ. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഈസ്റ്റ് സോൺ 708 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ക്യാപ്റ്റൻ ഇഷാൻ കിഷൻ നേടിയ ഗംഭീര ഇരട്ട സെഞ്ചുറിയും (270), യുവതാരം കുമാർ കുഷാഗ്രയുടെ സെഞ്ചുറിയുമാണ് (101) ടീമിന് വലിയ സ്കോർ സമ്മാനിച്ചത്.
രണ്ടാം ദിനത്തിലെ മുഴുവൻ സെഷനുകളിലും ആധിപത്യം പുലർത്തിയ ഈസ്റ്റ് സോൺ സൗത്ത് സോൺ നിരയെ പ്രതിരോധത്തിലാക്കി. 163 ഓവറുകൾ ക്രീസിൽ പിടിച്ചുനിന്ന ശേഷമാണ് ഈസ്റ്റ് സോൺ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ടീമിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച ക്യാപ്റ്റൻ ഇഷാൻ കിഷൻ 334 പന്തുകളിൽ നിന്നാണ് 270 റൺസ് അടിച്ചുകൂട്ടിയത്. തകർപ്പൻ ഫോമിൽ കളിച്ച താരം തന്റെ ഇന്നിംഗ്സിൽ 30 ഫോറുകളും 7 സിക്സറുകളും പറത്തി.
കടുത്ത ചൂടും ശാരീരിക ബുദ്ധിമുട്ടുകളും കാരണം 250 റൺസ് പിന്നിട്ടപ്പോൾ താരം താൽക്കാലികമായി ക്രീസ് വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തി ബാറ്റിംഗ് തുടരുകയായിരുന്നു. ഒടുവിൽ ത്രിപുരാന വിജയിന്റെ പന്തിൽ സ്മരണ് രവിചന്ദ്രന് ക്യാച്ച് നൽകിയാണ് കിഷൻ പുറത്താകുന്നത്.
അഞ്ചാം വിക്കറ്റിൽ കുമാർ കുഷാഗ്രയുമായി ചേർന്ന് 230 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്. കിഷന് മികച്ച പിന്തുണ നൽകിയ വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുഷാഗ്ര 132 പന്തുകളിൽ നിന്ന് 101 റൺസ് സ്വന്തമാക്കി.
8 ഫോറുകളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സൗത്ത് സോൺ ബൗളർമാരുടെ സമ്മർദ്ദത്തെ ഫലപ്രദമായി ചെറുത്തുതോൽപ്പിച്ച ഈ കൂട്ടുകെട്ട് ടീമിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
വിജയ്യുടെ പന്തിൽ ചാമ മിലിന്ദിന് ക്യാച്ച് നൽകിയാണ് കുഷാഗ്ര മടങ്ങിയത്. പ്രധാന ബാറ്റർമാർ പുറത്തായ ശേഷവും മികച്ച രീതിയിൽ സ്കോർ ബോർഡ് ചലിപ്പിക്കാൻ ഈസ്റ്റ് സോണിനായി.
അൻകുൽ റോയ് (45), മുഹമ്മദ് ഖുറൈഷി (40), മുഹമ്മദ് ഷമി (28) എന്നിവരുടെ പ്രകടനമാണ് ടീമിനെ 700 കടക്കാൻ സഹായിച്ചത്. മത്സരത്തിന്റെ രണ്ടാം ദിനം സൗത്ത് സോൺ ബൗളർമാരെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണഘട്ടമായിരുന്നു.
ഫ്ലാറ്റ് പിച്ചിൽ പന്തെറിഞ്ഞ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. താരം 25 ഓവറിൽ 140 റൺസ് വിട്ടുകൊടുത്തുവെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
മത്സരത്തിൽ സ്പിന്നർമാരാണ് കൂടുതൽ ഓവറുകൾ എറിഞ്ഞത്. സൗത്ത് സോണിനായി ത്രിപുരാന വിജയ് 42 ഓവറിൽ 180 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി.
കൂടാതെ ശ്രേയസ് ഗോപാൽ 2 വിക്കറ്റും, ചാമ മിലിന്ദ് 2 വിക്കറ്റും, ശെയ്ഖ് റഷീദ് ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ട് ദിവസത്തോളം ഫീൽഡ് ചെയ്ത് വലിയ ക്ഷീണത്തിലായ സൗത്ത് സോൺ ബാറ്റിംഗ് നിരയ്ക്ക് ഇനി വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

