സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും അതായത് ഇരുപത്തിനാല് മണിക്കൂറും സ്പെഷ്യൽറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിലവിലുള്ള ഒഴിവുകൾ സർവീസിലുള്ള ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താൻ മന്ത്രി കെ.മുരളീധരൻ നിർദേശം നൽകി. നിലവിൽ ആരോഗ്യവകുപ്പിൽ ഏകദേശം 800 ഡോക്ടർമാരുടെ ഒഴിവുകളാണ് ഉള്ളത്.
സ്പെഷ്യൽറ്റി കേഡറിൽ കൺസൽറ്റന്റ് തസ്തികയിലെ 157 ഡോക്ടർമാരുടെ ഒഴിവിലേക്ക് ജൂനിയർ കൺസൽറ്റന്റുമാർക്ക് സ്ഥാനക്കയറ്റം നൽകും. ഇതോടുകൂടി നിലവിലുള്ള 107 ജൂനിയർ കൺസൽറ്റന്റ് ഒഴിവുകൾ 264 ആയി ഉയരും.
ജനറൽ കേഡറിൽനിന്ന് സ്പെഷ്യൽറ്റി കേഡറിലെ ജൂനിയർ കൺസൽറ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ച് വർഷങ്ങളായി കാത്തിരിക്കുന്ന പിജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാർക്കു നിയമനം നൽകി ജൂനിയർ കൺസൽറ്റന്റ് ഒഴിവുകൾ നികത്തിയാൽ, എൻട്രി കേഡറിലെ ഒഴിവുകൾ വീണ്ടും വർധിക്കും. ഫലത്തിൽ ഡോക്ടർമാരുടെ ആകെ ഒഴിവുകൾ 800 ആയിത്തന്നെ തുടരുകയും ഇതിനായി പിഎസ്സി നിയമനം ആവശ്യമായി വരുകയും ചെയ്യും.
ഈ സാഹചര്യത്തിൽ തൽക്കാലം കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ ഈ ഒഴിവുകളിൽ നിയമിക്കാനാണ് ധാരണയായിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ 24 മണിക്കൂർ സ്പെഷ്യൽറ്റി സേവനം ആരംഭിച്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ ഒരു വിഭാഗത്തിലും ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കാൻ സാധിച്ചിട്ടില്ല.
ആകെ 9 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് മെഡിസിൻ വിഭാഗത്തിൽ ആറു പേരെ മാത്രമാണ് ഇതുവരെ നിയമിച്ചിട്ടുള്ളത്.
രാത്രി 8നു ശേഷം ഓൺ–കോൾ സേവനം ലഭ്യമാക്കിയാൽ പോലും മറ്റു സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അർഹതയുള്ള ഡോക്ടർമാർക്ക് എത്രയും പെട്ടെന്ന് സ്ഥാനക്കയറ്റം നൽകാനാണ് മന്ത്രി കെ.മുരളീധരന്റെ കർശന നിർദേശം.
യോഗ്യതയും നിശ്ചിത സർവീസ് വ്യവസ്ഥകളും പൂർത്തിയാക്കുന്ന ഡോക്ടർമാർക്ക് വേഗത്തിൽ പ്രമോഷൻ ലഭ്യമാക്കുന്നതിനായി പിഎസ്സിയുടെ ഉപദേശവും വകുപ്പുതല പ്രമോഷൻ കമ്മിറ്റിയുടെ അംഗീകാരവും ഉറപ്പാക്കാൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാർക്ക് പ്രൊവിഷനൽ പ്രമോഷൻ നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തെ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സ്വാഗതം ചെയ്തിട്ടുണ്ട്.
എങ്കിലും, എൻട്രി കേഡറിലെ പിഎസ്സി നിയമനത്തിനുള്ള നടപടിക്രമങ്ങൾ കൂടി വേഗത്തിലാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

