കൊല്ലം ജില്ലയുടെ വികസന പ്രതീക്ഷയായ ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുമ്പോൾ തന്നെ, റോഡിലെ സുരക്ഷാ വീഴ്ചകളും അപകടസാധ്യതകളും വലിയ ആശങ്കയാണ് ഉയർത്തുന്നത്. പ്രധാന പാതയിലെ അനധികൃത പാർക്കിങ്, റോഡരികിലെ അനധികൃത കച്ചവടങ്ങൾ, നിർമാണ മേഖലകളിലെ വെളിച്ചക്കുറവ്, ചരക്കുമാറ്റങ്ങൾ എന്നിവ കാരണം യാത്രക്കാർ കടുത്ത ദുരിതമാണ് നേരിടുന്നത്.
ഇത്തിക്കര മേഖലയിൽ റോഡ് തകർന്നു തരിപ്പണമായതും രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇത്തിക്കര വളവ് മുതൽ പള്ളിക്ക് സമീപം വരെയുള്ള ഭാഗങ്ങളിൽ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്.
കുഴികൾ നിറഞ്ഞ റോഡിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. പാലത്തിലൂടെ കാൽനടയാത്രയ്ക്ക് സൗകര്യമില്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ജീവൻ പണയം വെച്ചാണ് നടന്നുപോകുന്നത്.
മൈലക്കാട് മുതൽ തിരുമുക്ക് വരെ നീളുന്ന ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ പോലും കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ട്. റോഡ് താൽക്കാലികമായെങ്കിലും സഞ്ചാരയോഗ്യമാക്കാൻ കരാർ കമ്പനി തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഇത്തിക്കരയിലെ അടിപ്പാത നിർമാണം അശാസ്ത്രീയമാണെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ഓച്ചിറ പ്രിമിയർ ജംക്ഷൻ അടിപ്പാത, കൊട്ടുനാട്ട് ജംക്ഷൻ, ചങ്ങൻകുളങ്ങര ശാരദാ ദേവിക്ഷേത്രത്തിനു മുൻവശം, വവ്വാക്കാവ് ജംക്ഷൻ തുടങ്ങിയ ഭാഗങ്ങളും അപകടമേഖലകളായി മാറിയിരിക്കുകയാണ്.
ഇവിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയിൽ 5 പേരാണ് അപകടങ്ങളിൽ ജീവൻ വെടിഞ്ഞത്.
കരുനാഗപ്പള്ളി ലാലാജി ജംക്ഷൻ, സിവിൽ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ് വലിയ ഭീഷണിയാണ്. കുണ്ടറ ആശുപത്രിമുക്ക് – കൊട്ടിയം റോഡും മരണക്കളമായി മാറുകയാണ്.
പെരുമ്പുഴ മുതൽ കുരീപ്പള്ളി വരെയുള്ള ഭാഗത്ത് ഈ വർഷം മാത്രം 4 യുവാക്കളാണ് റോഡപകടങ്ങളിൽ മരിച്ചത്. ഉമയനല്ലൂർ, കൊട്ടിയം, നീണ്ടകര, വേട്ടുതറ, പുത്തൻതുറ, വെറ്റമുക്ക്, ഇടപ്പള്ളിക്കോട്ട
തുടങ്ങിയ ഭാഗങ്ങളിലും വഴിയോര കച്ചവടങ്ങളും രാത്രികാലങ്ങളിലെ ചരക്കുമാറ്റങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം 18ന് കുണ്ടറ–പെരുമ്പുഴ റോഡിൽ പാർക്കിങ് ലൈറ്റില്ലാതെ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ബൈക്കിടിച്ചു കയറി മരിച്ച അഹമ്മദ് ഷാജി (37)യുടെ പിതാവ് ഷാജഹാൻ ദുരന്തം ഓർത്തെടുക്കുന്നു.
“കഴിഞ്ഞ മാസം 18ന് ആണ് കുണ്ടറ– പെരുമ്പുഴ റോഡിൽ പുലർച്ചെ 4.30ന് പാർക്കിങ് ലൈറ്റില്ലാതെ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറി ബൈക്കിൽ സഞ്ചരിച്ച എന്റെ മകൻ അഹമ്മദ് ഷാജി(37)യും സുഹൃത്ത് സൽമാനും മരിച്ചത്.
കഴിഞ്ഞ ദിവസം ഞാൻ കാറിൽ ഇതുവഴി വന്നപ്പോഴും മകൻ മരിച്ച അതേ സ്ഥലത്ത് രണ്ട് ലോറികൾ പാർക്കിങ് ലൈറ്റില്ലാതെ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. ചെറിയ വളവുള്ള സ്ഥലമാണിത്.
ഒരു ദുരന്തം ഉണ്ടായിട്ടും ഇത്തരം നിയമം ലംഘനം നടത്തുന്നവർക്കെതിരെ നടപടി എടുക്കാത്തത് ‘കഷ്ടം’ എന്നല്ലാതെ എന്ത് പറയാൻ. മകൻ മരിച്ച് 18 ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.
മന്ത്രി പി.സി.വിഷ്ണുനാഥ് ഇടപെട്ടാണ് ബൈക്ക് തിരികെ കിട്ടിയത്. മർച്ചന്റ് നേവിയിലെ എൻജിനീയറായിരുന്ന മകൻ, ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ജർമനിയിലായിരുന്നു താമസം.
വാഹനങ്ങളോട് മകന് വലിയ ഇഷ്ടമായിരുന്നു. വീട്ടിലും സ്ഥാപനത്തിലും ജർമനിയിലും അവന്റെ പേരിൽ വാഹനങ്ങളുണ്ട്.
അവയെല്ലാം പൊന്നു പോലെയാണ് സൂക്ഷിച്ചിരുന്നത്. അപകട
സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിലും സജീവമായിരുന്നു.” അടിയന്തരമായി ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഇടപെട്ട് റോഡുകൾ പുനരുദ്ധരിക്കണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

