കൊച്ചി കലൂരില്‍ കാര്‍ യാത്രികരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് അസാധാരണമായ പരിഗണന ലഭിച്ചതായി ആക്ഷേപം. കസ്റ്റഡിയിലെടുക്കാനെത്തിയ എഎസ്ഐയെയും സംഘത്തെയും നാട്ടുകാരുടെ മുന്നില്‍ വെച്ച് ആക്രമിച്ച പ്രതിയെ സ്റ്റേഷന് ജാമ്യത്തിലാണ് വിട്ടയച്ചത്.
ഇതിനിടെ, ഇയാള്‍ പാടിവട്ടത്ത് മറ്റൊരു കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് അന്‍സാര്‍ എന്ന പ്രതിക്കെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
മോഷണവും അടിപിടിയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍, പള്ളുരുത്തിയിലാണ് താമസിക്കുന്നത്. ഒരു അലങ്കാര്‍ ബസിലെ ക്ലീനറായ ഇയാള്‍, ഓഗസ്റ്റ് 9നാണ് പ്രവാസിയും കുടുംബവും സഞ്ചരിച്ച കാര്‍ കലൂരില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവം നടന്ന അന്ന് തന്നെ കാര്‍ ഉടമയായ ഷാജി ജോസഫ് എറണാകുളം നോര്‍ത്ത് പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, ഒരു മാസത്തിന് ശേഷമാണ് സ്ഥിരമായി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്ന ഈ ക്രിമിനലിനെ പൊലീസ് പിടികൂടിയത്.
ഇതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ മറ്റൊരു കാര്‍ യാത്രികനെയും അന്‍സാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഓഗസ്റ്റ് 22ന് എറണാകുളം പാടിവട്ടത്തായിരുന്നു ഈ സംഭവം.
അന്‍സാറിനെ ബസില്‍ നിന്ന് കസ്റ്റഡിയിലെടുക്കവെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍ ആണ് ആക്രമണത്തിന് ഇരയായത്. എഎസ്ഐയെ നെഞ്ചില്‍ പിടിച്ചു തള്ളുകയും ചുണ്ടിലിടിച്ച് നിലത്തേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു.
ബലപ്രയോഗത്തിലൂടെ പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചിട്ടും ഗുരുതര വകുപ്പുകളൊന്നും ചുമത്താതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വൈകിട്ട് ബസുടമയെത്തിയതോടെ ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
പ്രതിയെ പിടികൂടാന്‍ വൈകിയെന്നതിന് പുറമേ, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും എത് സാഹചര്യത്തിലാണ് അന്‍സാറിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതെന്നാണ് നിലവില്‍ ഉയരുന്ന പ്രധാന ചോദ്യം. സംഭവത്തില്‍ പൊലീസുകാര്‍ക്കിടയിലും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

