അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് സ്റ്റുവർട്ട് ബ്രോഡ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി മൊത്തം 847 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം 604 വിക്കറ്റുകൾ സ്വന്തമാക്കിയ ബ്രോഡ്, ഈ നേട്ടത്തിൽ ലോകതലത്തിൽ അഞ്ചാം സ്ഥാനത്തും ഫാസ്റ്റ് ബോളർമാരുടെ പട്ടികയിൽ രണ്ടാമതുമാണ്. കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴും നിരവധി പ്രതിസന്ധികളെയും വിവാദങ്ങളെയും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
2007-ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ താരം യുവ്രാജ് സിങ് ഒരോവറിൽ 6 സിക്സറുകൾ പറത്തിയത് ബ്രോഡിന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ബ്രോഡ് നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാണ്.
“Yuvraj Singh’s 6 Sixes saved 5-6 years of my career. If that hadn’t happened, I would have played with the illusion of being a good bowler.
Yes, I was sad that day, but those 6 sixes helped me in my career.” യുവരാജ് ഒപ്പിട്ടുനൽകിയ ജഴ്സി ബ്രോഡ് ചവറ്റുകുട്ടയിൽ എറിഞ്ഞെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു. തുടർന്ന് 2013-ലെ ആഷസ് ടെസ്റ്റ് പരമ്പരയാണ് അദ്ദേഹത്തിന് ‘ചതിയൻ’ എന്ന വിളിപ്പേര് സമ്മാനിച്ചത്.
ബാറ്റ് ചെയ്യുന്നതിനിടെ പന്ത് എഡ്ജ് ചെയ്ത് സ്ലിപ്പിലുണ്ടായിരുന്ന ഓസ്ട്രേലിയൻ താരത്തിന്റെ കൈകളിൽ എത്തിയെങ്കിലും, ഒന്നും അറിയാത്തതുപോലെ ബ്രോഡ് ക്രീസിൽ തുടരുകയായിരുന്നു. അംപയർ അദ്ദേഹത്തിന് അനുകൂലമായി നോട്ട് ഔട്ട് വിധിക്കുകയും ചെയ്തു.
പിറ്റേ ദിവസത്തെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ബ്രോഡിനെ ‘ചീറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ബ്രോഡ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട
ഫാസ്റ്റ് ബോളറായി വളർന്നത്. കളിക്കളത്തോട് വിടപറഞ്ഞ ശേഷം കമന്റേറ്ററുടെ കുപ്പായമണിഞ്ഞ അദ്ദേഹം ഇപ്പോൾ ബിസിനസ് രംഗത്തും തിളങ്ങുകയാണ്.
തന്റെ 30-ാം വയസ്സിൽ സഹതാരമായ ഹാരി ഗാർണിയുമായി ചേർന്ന് ആരംഭിച്ച സംരംഭമാണ് ഇന്ന് ബ്രിട്ടനിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ ‘ദ് കാറ്റ് ആൻഡ് വിക്കറ്റ്സ്’ (The Cat & Wickets Pub Company). സുഹൃത്തുക്കൾക്കൊത്ത് വാരാന്ത്യങ്ങൾ ചെലവഴിക്കാൻ ഒരിടം എന്ന ചിന്തയിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് വലിയൊരു ബിസിനസ് സാമ്രാജ്യമായി വളർന്നു.
നോട്ടിങ്ങാമിലെ ‘ദ ടാപ് ആൻഡ് റൺ’, ട്രെന്റിലെ ‘ദ ലോങ് ഹോപ്’, ലെസ്റ്റർഷെറിലെ ‘ദ ഗ്രിഫിൻ ഇൻ’ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളാണ് കമ്പനിയുടെ കീഴിലുള്ളത്. 150-ഓളം പേർ ജോലി ചെയ്യുന്ന ഈ കമ്പനിയുടെ വാർഷിക വരുമാനം ഏകദേശം 40 ലക്ഷം പൗണ്ടോളം അതായത് ഇന്ത്യൻ തുക ഏകദേശം 50 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.
ബിസിനസ് യാത്രയ്ക്കിടയിലും കനത്ത തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. 2022 ജൂണിൽ ബ്രോഡിന്റെ ഉടമസ്ഥതയിലുള്ള പബുകളിൽ ഒന്ന് അഗ്നിക്കിരയായി.
ഒരേസമയം എട്ട് ഫയർ എൻജിനുകൾ പരിശ്രമിച്ചാണ് അന്ന് തീയണച്ചത്. എന്നാൽ പ്രതിസന്ധികളെ അതിവേഗം തരണം ചെയ്തുകൊണ്ട് ബിസിനസ് പുനരാരംഭിക്കാൻ ബ്രോഡിനും കൂട്ടുകാർക്കും സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

