കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന മസാജ് പാർലർ പൊലീസ് റെയ്ഡ് ചെയ്ത് പൂട്ടി. ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഏഷ്യൻ പ്രവാസികളെ മുബാറക് അൽ-കബീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്യുകയുണ്ടായി.
യാതൊരുവിധ അനുമതിയും ഇല്ലാതെ ഒരു ഫ്ലാറ്റിൽ അനധികൃതമായി മസാജ് സേവനങ്ങൾ നൽകിവരുന്നതായി അധികൃതർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും, വിവരം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രോസിക്യൂഷൻ വാറന്റോടെ ഫ്ലാറ്റിൽ പരിശോധന നടത്തുകയുമായിരുന്നു.
പരിശോധനയിൽ മസാജിനായി ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും സാമഗ്രികളും സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നും, ഒരു സെഷന് 10 മുതൽ 30 കുവൈത്ത് ദിനാർ വരെ ഈടാക്കിയാണ് സേവനം നൽകിയിരുന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
അറസ്റ്റിലായ അഞ്ച് പ്രവാസികൾക്കുമെതിരെയുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. തുടർ നടപടികളുടെ ഭാഗമായി ഇവരെ അഡ്മിനിസ്ട്രേറ്റീവ് ഡിപോർട്ടേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി.
നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നതിനോടൊപ്പം, രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നത് സ്ഥിരമായി വിലക്കിക്കൊണ്ട് ഇവരുടെ പേരുകൾ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

