സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയെ തലസ്ഥാന നഗരിയിൽ വെച്ച് പൊലീസ് പിടികൂടി. അലിപുരിൽ നിന്നുള്ള പ്രശൻജിത്ത് ദാസ് (27) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.
സംഭവം നടന്നത് ഓഗസ്റ്റ് 31-നാണ്. നിർമ്മാണ തൊഴിലാളിയായി കേരളത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
പിതാവ് സഞ്ജയ് ദാസ് മാതാവിനെ മർദിക്കുന്നത് തടയുന്നതിനിടെ പ്രശൻജിത്ത് വിറക് കമ്പ് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് മാതാവ് ഉഷാറാണിയും മകൻ പ്രശൻജിത്തും ചേർന്ന് സഞ്ജയ് ദാസിനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിന് പിന്നാലെ മാതാവ് ഉഷാറാണിയെ ബംഗാൾ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിനിടയിൽ പ്രതി പ്രശൻജിത്ത് കേരളത്തിലേക്ക് കടക്കുകയായിരുന്നു.
പശ്ചിമബംഗാൾ പൊലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശ്രീകാര്യം ചക്കാലമുക്കിലുള്ള ലേബർ ക്യാമ്പിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ബംഗാൾ പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

