തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡന്റിനെ എയർ ഇന്ത്യ സർവീസിൽനിന്ന് പിരിച്ചുവിട്ടു.
അപകടസമയത്ത് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് അടിയന്തര നടപടി. ഓഗസ്റ്റ് നാലിന് നടന്ന ഈ സംഭവത്തിൽ വിമാന ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷണസംഘം വിശദീകരിച്ചിരുന്നു.
യാത്രാസുരക്ഷയ്ക്കാണ് കമ്പനി ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പൈലറ്റിനെ പുറത്താക്കാൻ എയർ ഇന്ത്യ മാനേജ്മെന്റ് തീരുമാനിച്ചത്. ലഹരി പരിശോധനാഫലം പോസിറ്റീവായതിനെത്തുടർന്ന് ഇയാളെ നേരത്തെതന്നെ സർവീസിൽനിന്ന് താത്കാലികമായി മാറ്റിനിർത്തിയിരുന്നു.
പൈലറ്റിനെതിരെ കടുത്ത അച്ചടക്കനടപടി സ്വീകരിക്കാൻ എഎഐബി വ്യോമയാന ഡയറക്ടറേറ്റ് ജനറലിനോട് (ഡിജിസിഎ) ശുപാർശ ചെയ്തിട്ടുണ്ട്. ആകാശത്ത് 36,000 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും 4 സെക്കൻഡ് നേരത്തേക്ക് ഒരേസമയം നിശ്ചലമായതായി അന്വേഷണ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
തുടർന്ന് ഓട്ടോപൈലറ്റ് പ്രവർത്തനരഹിതമാവുകയും വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയുമായിരുന്നു. അതീവ ഗുരുതരമായ ഈ സാങ്കേതിക തകരാർ എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ചും പൈലറ്റിന്റെ വീഴ്ചകളെക്കുറിച്ചും വിശദമായ പരിശോധന പുരോഗമിക്കുകയാണെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനിരിക്കെ, വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

