നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ പതിറ്റാണ്ടുകളായി തുടരുന്ന ജന്മംഭൂമി പ്രശ്നം പ്രദേശവാസികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നു. നിലമ്പൂർ കോവിലകം, നടുവത്തൂർ മന, നെല്ലിയാളം റാണി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 80,088 ഏക്കർ ഭൂമിയാണ് പിന്നീട് ഗൂഡല്ലൂരിലെ ജന്മം ഭൂമിയായി മാറിയത്.
ചരിത്രപ്രധാനമായ ഈ ഭൂപ്രദേശം പണ്ടേ കർഷകർക്ക് പാട്ട വ്യവസ്ഥയിലാണ് കൈമാറിയിരുന്നത്.
1969-ൽ തമിഴ്നാട് സർക്കാർ ഗൂഡല്ലൂർ ജന്മിത്വ നിരോധന നിയമം പാസാക്കിയതോടെയാണ് സംഭവങ്ങൾക്ക് പുതിയ വഴിതിരിവുണ്ടായത്. കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിന് സമാനമായ ഈ നിയമത്തിലൂടെ ജന്മിമാരുടെ കൈവശമുള്ള ഭൂമി സർക്കാരിന്റെ അധീനതയിലാവുമെന്നും, തുടർന്ന് കർഷകർക്ക് ഔദ്യോഗികമായി പട്ടയം ലഭിക്കുമെന്നുമായിരുന്നു അന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ 1972-ൽ നിയമം പൂർണ്ണതോതിൽ പ്രാബല്യത്തിൽ വന്നപ്പോൾ സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു. കൃഷിയിടങ്ങളിൽ നിന്നും കർഷകരെ ബലമായി കുടിയൊഴിപ്പിക്കുന്ന നടപടികൾ വ്യാപകമായി അരങ്ങേറി.
ഇതിനെതിരെ ജനങ്ങളും കർഷകരും ഒത്തൊരുമിച്ച് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. കർഷക സംരക്ഷണ സംഘം രൂപീകരിച്ച് ഫാ.
ജോർജ് പാറയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരങ്ങളും, 1977-ലെ കുടിയിറക്കൽ നടപടിക്കിടെ ജീവൻ വെടിഞ്ഞ ലൂയിസിന്റെ രക്തസാക്ഷിത്വവും ഈ കർഷക മുന്നേറ്റ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്. ഈ കർഷക പോരാട്ടങ്ങൾക്ക് നിർണ്ണായക വഴിതിരിവസ് ആയത് കർഷക സംരക്ഷണ സംഘം നേതാക്കളിൽ പ്രമുഖനായ ഡോ.
എം.ജെ.ചെറിയാൻ 1981-ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ്. അന്നത്തെ കോടതി ഉത്തരവിലൂടെ കുടിയിറക്കൽ നടപടികൾക്ക് തടയിടാൻ സാധിച്ചു.
കർഷകർക്കായി പട്ടയ അപേക്ഷകൾ സ്വീകരിക്കാനും, ഒൻപത് മാസത്തിനകം അവയിൽ ഉചിതമായ നടപടി സ്വീകരിക്കാനും സുപ്രീം കോടതി സർക്കാരിന് കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കർഷകരിൽ നിന്ന് ആകെ 9,133 അപേക്ഷകൾ ലഭിച്ചെങ്കിലും പിന്നീട് കാര്യമായ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
വനവൽക്കരണ നീക്കവും കർഷക ആശങ്കകളും
ജന്മിത്വ നിരോധന നിയമപ്രകാരം തമിഴ്നാട് സർക്കാർ നിയോഗിക്കുന്ന സെറ്റിൽമെന്റ് ഓഫിസർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ഡിഎഫ്ഒ എന്നിവർ സംയുക്തമായാണ് ഒരു പ്രദേശത്തെ ഭൂമി കൃഷിഭൂമിയാണോ അതോ വനഭൂമിയാണോ എന്ന് തീരുമാനിക്കേണ്ടത്. 1980-കളുടെ തുടക്കത്തിൽ ജന്മം ഭൂമിയുടെ ആദ്യഘട്ട
തീർപ്പാക്കൽ നടപടികൾ പൂർത്തിയായി. ആകെയുള്ള 80,088 ഏക്കറിൽ 28,086.92 ഏക്കർ ഭൂമിയാണ് അന്ന് തീർപ്പാക്കിയത്.
ഇതിൽ 12,928 ഏക്കർ വനമേഖലയായി മാറിപ്പോൾ 15,159.03 ഏക്കർ റവന്യു ഭൂമിയായി ലഭിച്ചു. പിന്നീട് 2011, 2017 വർഷങ്ങളിലായി വീണ്ടും 17,014.45 ഏക്കർ കൂടി വനമാക്കി മാറ്റി.
ഇതോടെ ജന്മം ഭൂമിയിലെ മൊത്തം 29,942.45 ഏക്കർ ഭൂമിയും വനമായി ചുരുങ്ങി. ഇതോടെ തീർപ്പാക്കാനുള്ള ഭൂമിയുടെ അളവ് 34,986.28 ഏക്കറായി കുറഞ്ഞു.
എങ്കിലും, കർഷകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന വലിയ തിരിച്ചടിയുണ്ടായത് 2026-ൽ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ്. ഇതനുസരിച്ച് ബാക്കിയുള്ളതിൽ 31,510.15 ഏക്കർ ഭൂമി കൂടി വനഭൂമിയാണെന്നാണ് സർക്കാർ വാദിക്കുന്നത്.
അതായത്, അവശേഷിക്കുന്ന വെറും 3476.14 ഏക്കർ ഭൂമിക്ക് മാത്രമേ സർക്കാർ പട്ടയം അനുവദിക്കുകയുള്ളൂ. ആകെയുള്ള 80,088 ഏക്കർ ജന്മം ഭൂമിയിൽ ഏകദേശം 60,000 ഏക്കറോളം വരുന്ന ഭൂമി മുഴുവൻ വനമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് വിവിധ കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ 34,986.28 ഏക്കർ വരുന്ന ഈ ഭൂമിയിലാണ് പതിനായിരത്തോളം വരുന്ന കുടുംബങ്ങൾ താമസിക്കുന്നത്. ഇവിടെയും പട്ടയം നിഷേധിക്കപ്പെട്ടാൽ ഗൂഡല്ലൂരിലെ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെയും ജീവിതം അതീവ ദുരിതപൂർണ്ണമാകും.
സ്തംഭിച്ച് ജനജീവിതം
ഭൂമി സംബന്ധമായ തീർപ്പാക്കലുകൾ അനന്തമായി നീളുന്നത് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ജനങ്ങളെയാണ് ഏറ്റവും അധികം ദുരിതത്തിലാക്കിയിരിക്കുന്നത്. പന്തല്ലൂർ താലൂക്കിലെ ജനങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്നത് തമിഴ്നാട് സ്വകാര്യവനഭൂമി സംരക്ഷണ നിയമമാണ്.
ജന്മിത്വ നിരോധന നിയമത്തിന്റെ അശാസ്ത്രീയമായ ദുരുപയോഗമാണ് ഗൂഡല്ലൂർ താലൂക്കിലെ ജനങ്ങളെ നിരന്തരം ദോഷകരമായി ബാധിക്കുന്നത്. വർഷങ്ങളായി തീർപ്പാകാത്ത ഈ ഭൂമിയിൽ താമസിക്കുന്ന കർഷകർക്ക് തങ്ങളുടെ വസ്തുവകകൾ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുവാൻ നിയമപരമായ സാധുതയില്ല.
ആദിവാസി വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ ചില പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുള്ളത്. സാധാരണക്കാരായ കർഷകർക്കാകട്ടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
വീടുകളിലേക്ക് പുതിയ വൈദ്യുതി കണക്ഷനുകൾ നൽകാറില്ല, പുരയിടത്തിലെ മരം മുറിക്കുന്നതിന് കർശന വിലക്കുണ്ട്. പ്രദേശത്ത് ജെസിബി പോലുള്ള മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളോ മാറ്റങ്ങളോ വരുത്താനും സാധിക്കില്ല.
ഇത്തരം കടുത്ത നിയന്ത്രണങ്ങൾ കാരണം ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ പോലും നടക്കാത്ത വികസനമുരടിച്ച അവസ്ഥയാണ് നിലവിലുള്ളത്. ഈ ഗുരുതരമായ പ്രശ്നത്തിനെതിരെ ഒട്ടനവധി ആളുകൾ നിയമപരമായ പോരാട്ടങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

