തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിന് സമീപം യാത്രക്കാർക്ക് യാത്രാദുരിതം ഏറുന്നു. ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തുകൂടി പുറത്തുകടക്കുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് രൂക്ഷമായ ദുർഗന്ധവും പക്ഷിക്കാഷ്ഠവുമാണ്.
കവാടത്തിലെ ചെറുമരങ്ങളിൽ കൂടുകൂട്ടിയിട്ടുള്ള ദേശാടനപക്ഷികളുടെ കാഷ്ഠം തലയിലോ വസ്ത്രങ്ങളിലോ വീഴാതെ അതീവ ബുദ്ധിമുട്ടോടെയാണ് ആളുകൾ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നത്. ഈ കാഷ്ഠത്തിന് കടുത്ത ദുർഗന്ധത്തോടൊപ്പം ഉയർന്ന അസിഡിറ്റിയുമുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഈ പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിനായി റെയിൽവേയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ പരാതുപ്പെടുന്നു. ‘ചേരക്കോഴികൾ’ എന്നറിയപ്പെടുന്ന ദേശാടനക്കിളികളാണ് സ്റ്റേഷൻ കവാടത്തിലും പ്ലാറ്റ്ഫോമിലെ മരങ്ങളിലും വ്യാപകമായി കൂടുകൂട്ടിയിട്ടുള്ളത്.
സാധാരണയായി വർഷത്തിൽ മൂന്ന് മാസത്തോളമാണ് ഈ പക്ഷികൾ ഇവിടെ കൂട്ടമായി എത്താറുള്ളത്. വൈകുന്നേരങ്ങളിലാണ് ഇവയുടെ ശല്യം ഏറ്റവും രൂക്ഷമാകുന്നത്.
പക്ഷികളെ പൂർണ്ണമായി തുരത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി യാത്രക്കാരുടെ മേൽ കാഷ്ഠം പതിക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രാപ്രേമികളുടെയും പൊതുജനങ്ങളുടെയും പ്രധാന ആവശ്യം. നഗരത്തിൽ ശക്തൻ സ്റ്റാൻഡിനു മുന്നിലെ ആൽമരത്തിൽ ചേരക്കോഴികൾ തമ്പടിച്ച് ശല്യമായപ്പോൾ ശിഖരങ്ങൾ നീക്കം ചെയ്ത് പ്രശ്നം പരിഹരിച്ചിരുന്നു.
സമാനമായ രീതിയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലും പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്. നിലവിൽ സ്റ്റേഷന്റെ കൊക്കാല ഭാഗത്തേക്ക് ഇറങ്ങുന്നിടത്തുള്ള മരങ്ങളിൽ പക്ഷികളുടെ കൂടുകൾ നിറഞ്ഞിരിക്കുകയാണ്.
കാഷ്ഠം വീണ് വെള്ള നിറത്തിലായ ഇലകളും പരിസരവും ഇവിടെ കാണാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

