കാസർകോട് ജില്ലയിൽ യാത്രാമധ്യേ കേടായ കെഎസ്ആർടിസി ബസിലെ സ്ത്രീ യാത്രക്കാരോട് സ്വകാര്യബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാനത്തൂർ മേഖലയിലാണ് വിവാദമായ സംഭവം അരങ്ങേറിയത്.
കാസർകോട് -എരിഞ്ഞപ്പുഴ-കുറ്റിക്കോൽ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിനെതിരെയാണ് ആർടിഒയ്ക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം.
ഏകദേശം എൺപതോളം യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് കാനത്തൂരിൽ എത്തിയപ്പോൾ സാങ്കേതിക തകരാർ മൂലം വഴിയിൽ കേടാകുകയായിരുന്നു. തുടർന്ന് യാത്രാസൗകര്യം തേടി തൊട്ടുപിന്നാലെ എത്തിയ സ്വകാര്യബസിൽ കയറാൻ ശ്രമിച്ച സ്ത്രീ യാത്രക്കാരെ ജീവനക്കാർ തടഞ്ഞുനിർത്തിയെന്നാണ് പ്രധാന ആരോപണം.
“പുരുഷന്മാർ മാത്രം” എന്ന നിലപാടിൽ സ്ത്രീകളെ ബസിൽ കയറാൻ അനുവദിച്ചില്ലെന്നാണ് ആർടിഒയ്ക്ക് ലഭിച്ച പരാതിയിൽ വ്യക്തമാക്കുന്നത്. കൂടാതെ, സ്ഥിരം സ്റ്റോപ്പിൽനിന്നു വാഹനം മാറ്റിനിർത്തി തികച്ചും അപകടകരമായ രീതിയിലാണ് യാത്രക്കാരെ കയറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്ത്രീകളോട് ലിംഗവിവേചനം കാണിക്കുകയും യാത്രാക്കാരുടെ സുരക്ഷയെ ഗുരുതരമായി അപകടപ്പെടുത്തുകയും ചെയ്ത ജീവനക്കാർക്കെതിരെയും, പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച ബസ് ഉടമയ്ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസിലെ ഒരു യാത്രികനായ യുവാവാണ് അധികാരികളെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

