രാജ്യത്തേക്ക് വ്യാപകമായി കടത്തപ്പെടുന്ന എംഡിഎംഎയും മെത്താംഫിറ്റമിനും ഉൽപാദിപ്പിക്കപ്പെടുന്നത് മ്യാന്മറിലെ ഷെൻ ജില്ലയിലാണെന്ന് അന്വേഷണ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച വിവരം. ചൈനയുടെ കർശന നിയന്ത്രണത്തിലാണ് ഈ നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
ഇവിടെ നിന്നും വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് രാസലഹരിയെത്തുന്നതായും, ഈ കടത്ത് പ്രവർത്തനങ്ങൾക്ക് സായുധ ഒളിപ്പോരാളികളുടെയും വിഘടനവാദ ഗ്രൂപ്പുകളുടെയും ശക്തമായ പിന്തുണ ലഭിക്കുന്നതായും കണ്ടെത്തലുണ്ട്. മ്യാന്മറിലെ തായ്ലൻഡിലുള്ള റനോങ് എന്ന തീരദേശ മത്സ്യബന്ധന മേഖല വഴി കടൽമാർഗം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെത്തിച്ച്, അവിടെ നിന്നും ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് രാസവസ്തുക്കൾ കടത്തുന്നു.
ആൻഡമാൻ സമുദ്രതീരത്ത് നിന്ന് നാവികസേനയും കോസ്റ്റ്ഗാർഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് മുൻപും നിരവധി തവണ വൻ ലഹരിവേട്ട നടത്തിയിട്ടുണ്ട്.
കൂടാതെ മ്യാന്മറിൽ നിന്ന് ബംഗ്ലാദേശ് അതിർത്തി വഴിയും കരമാർഗം എംഡിഎംഎ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. മണിപ്പുർ അതിർത്തിയോട് ചേർന്നു കിടക്കുന്ന മ്യാന്മർ പ്രദേശങ്ങളിലെ ഫാക്ടറികളിൽ നിന്നുള്ള ലഹരി ഉൽപാദനവും മണിപ്പുർ വഴിയുള്ള കടത്തും സജീവമാണ്.
മണിപ്പുരിലെ സായുധ വിഘടനവാദ സംഘടനകളാണ് ഈ ലഹരിവസ്തുക്കൾ സംസ്ഥാനത്തേക്ക് കടത്താൻ കൂട്ടുനിൽക്കുന്നത്. മണിപ്പുരിൽ നിന്ന് ചെന്നൈയിലേക്കോ ബെംഗളൂരുവിലേക്കോ ഇവ എത്തിച്ചു നൽകുന്നതിന് കിലോഗ്രാമിന് ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി നൽകുന്നത്.
എന്നാൽ തൂത്തുക്കുടി, രാമനാഥപുരം എന്നീ മേഖലകളിൽ എത്തിക്കുകയാണെങ്കിൽ 1.5 ലക്ഷം രൂപ വരെ ലഭിക്കും. ശ്രീലങ്കയിലേക്ക് കടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ലഹരി ശേഖരം.
ശ്രീലങ്കയിലേക്ക് ലഹരിമരുന്ന് കടത്തുകയും തിരിച്ചുള്ള വഴിയിൽ തൂത്തുക്കുടിയിലേക്ക് സ്വർണം എത്തിക്കുകയും ചെയ്യുന്ന വൻകിട സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
പ്രധാന ലഹരി ഇടത്താവളമായി കൊച്ചി മാറുന്നുണ്ടെന്ന് വിവിധ അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നു. ഡാർക്ക് വെബ് വഴിയും അല്ലാതെയുമുള്ള മാർഗങ്ങളിലൂടെ കൊച്ചിയിലേക്ക് ലഹരിവസ്തുക്കൾ ഒഴുകുന്നുണ്ട്.
ഹെറോയിൻ, ബ്രൗൺഷുഗർ, ഹൈഡ്രോപോണിക് കഞ്ചാവ് എന്നിവയ്ക്ക് പുറമെ മരിജുവാനയും കൊക്കെയ്നും വരെ കൊച്ചിയിൽ സുലഭമായി എത്തുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 2022-ൽ കൊച്ചിയിൽ വെച്ച് തമിഴ്നാട് ക്യൂബ്രാഞ്ച് ചിലരെ പിടികൂടിയിരുന്നു.
ലഹരിമരുന്നായി ദുരുപയോഗം ചെയ്യാറുള്ള ട്രമഡോൾ ഹൈഡ്രോക്ലോറൈഡിന്റെ 12 കോടി ഗുളികകൾ കള്ളക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി എം.ജി.ഉമേഷ്കുമാർ, മലപ്പുറം തിരൂരങ്ങാടി സ്വദേശി വി.ഫിർദൗസ് എന്നിവരെ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) കൊച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. ആഫ്രിക്കൻ രാജ്യമായ ഗിനിയ ബിസാവുവിലേക്ക് അയക്കുന്നുവെന്ന് വരുത്തിതീർത്ത് കയറ്റി അയക്കാൻ ശ്രമിച്ച ഈ ഗുളികകൾ യഥാർഥത്തിൽ ലിബിയയിലെ സായുധ സംഘങ്ങൾക്ക് കൈമാറാൻ ഉള്ളവയായിരുന്നു എന്നാണ് സിബിഎൻ കണ്ടെത്തിയിട്ടുള്ളത്.
കേരള തീരത്തുനിന്ന് നാവികസേനയും കോസ്റ്റ്ഗാർഡും എൻസിബിയും സംയുക്തമായി നടത്തിയ റെയ്ഡുകളിൽ വൻതോതിൽ ലഹരിമരുന്നുകളും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. 2023 മേയ് മാസത്തിൽ ഏകദേശം 15,000 കോടി രൂപ വിപണി മൂല്യമുള്ള 2500 കിലോ മെത്താംഫിറ്റമിൻ നാവികസേനയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് കൊച്ചി തീരക്കടലിൽ നിന്ന് പിടികൂടിയത് ഇതിന് ഉദാഹരണമാണ്.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ ഇറാനിൽ നിന്നും കടത്തിയതാണ് ഈ ലഹരി ശേഖരമെന്നാണ് അന്ന് എൻസിബി വ്യക്തമാക്കിയത്. ഈ കേസിൽ ഒരു പാക്കിസ്ഥാൻ പൗരനും അറസ്റ്റിലായിരുന്നു.
ദക്ഷിണേന്ത്യയിലെ ലഹരി മാഫിയകളിൽ മലയാളികളായ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യത വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കേരളത്തിൽ ചെറുതും വലുതുമായ നിരവധി സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും, ലഹരിവിതരണത്തിനായി ഓരോരുത്തരും പ്രത്യേക മേഖലകൾ വീതിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ സംഘങ്ങളും അവയിലെ അംഗങ്ങളും തമ്മിലുള്ള പരസ്പര ആശയവിനിമയങ്ങൾ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

