ശമ്പളം എത്രയെന്ന് ചോദിച്ചാൽ ഏവർക്കും കൃത്യമായ മറുപടിയുണ്ടാകും. എന്നാൽ ബാങ്ക് ബാലൻസ്, വിവിധ നിക്ഷേപങ്ങൾ, സ്വർണം, ഭൂമി എന്നിവയെല്ലാം കൂട്ടി വായ്പകൾ കുറച്ചതിനുശേഷമുള്ള യഥാർത്ഥ സമ്പാദ്യം എത്രയെന്ന് ഒറ്റ അക്കത്തിൽ പറയാൻ സാധിക്കുന്നവർ ചുരുക്കമാണ്.
മിക്ക ആളുകളുടെയും പണം പല ബാങ്കുകളിലായി ചിതറിക്കിടക്കുകയാണ്. ഈ തുകയെയാണ് ‘നെറ്റ് വർത്ത്’ എന്ന് വിളിക്കുന്നത്.
ഇത് കണ്ടെത്തുക എന്നത് സങ്കീർണ്ണമായ പ്രക്രിയയല്ല, മറിച്ച് നിമിഷങ്ങൾക്കുള്ളിൽ ചെയ്യാവുന്ന ലളിതമായ ഒരു ശീലമാണ്. സ്വന്തം സാമ്പത്തിക സ്ഥിതി കൃത്യമായി മനസ്സിലാക്കുന്നത് വഴി നിരവധി നേട്ടങ്ങളാണ് ഉള്ളത്.
എത്രത്തോളം വായ്പയെടുക്കാം, എവിടെ നിക്ഷേപിക്കാമെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൂട്ടലുകൾ നടത്താൻ സാധിക്കും. കൂടാതെ ഇൻഷുറൻസ് പരിരക്ഷ എത്രത്തോളം വേണമെന്ന് തിരിച്ചറിയാനും, മക്കളുടെ ഉപരിപഠനത്തിനും വിദേശ വിദ്യാഭ്യാസത്തിനുമുള്ള തുക മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഇത് സഹായിക്കും.
വിരമിക്കൽ കാലത്തേക്കുള്ള തയ്യാറെടുപ്പുകൾ കൃത്യമാണോയെന്ന് വിലയിരുത്താനും ഇതിലൂടെ സാധിക്കുന്നു. പ്രവാസികളായ മലയാളികളെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക വിവരങ്ങളുടെ കൃത്യത വളരെ പ്രധാനമാണ്.
ഗൾഫിലുള്ള അക്കൗണ്ടുകൾ, നാട്ടിലെ എൻ.ആർ.ഇ, എൻ.ആർ.ഒ അക്കൗണ്ടുകൾ, ചിട്ടികൾ, വിവിധ ഇൻഷുറൻസ് പോളിസികൾ എന്നിവ പലപ്പോഴും പലയിടത്തായിരിക്കും. ഈ വിവരങ്ങൾ വിശ്വസ്തരായ കുടുംബാംഗങ്ങളുമായി പങ്കുവെക്കുന്നത് അടിയന്തിര ഘട്ടങ്ങളിൽ വലിയ ആശ്വാസമാകും.
ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കുകളിലും ഇൻഷുറൻസ് കമ്പനികളിലും മ്യൂച്വൽ ഫണ്ടുകളിലുമായി ഏകദേശം 99,640 കോടി രൂപ കിടക്കുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 86,917 കോടി രൂപ ബാങ്ക് നിക്ഷേപവും, 8,974 കോടി രൂപ ഇൻഷുറൻസ് തുകയും, 3,749 കോടി രൂപ മ്യൂച്വൽ ഫണ്ട് നിക്ഷേപവുമാണ്.
ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ അക്കൗണ്ടുകളും ഒരിടത്ത് ക്രോഡീകരിക്കുകയും നോമിനി വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ സാമ്പത്തിക വിവരങ്ങൾ സ്വയമേവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സംവിധാനങ്ങളും ഇന്ന് ലഭ്യമാണ്.
FOLO പോലുള്ള ആപ്പുകൾ വഴി വിവിധ ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഡേറ്റ ശേഖരിച്ച് ബാങ്ക് ബാലൻസ്, മ്യൂച്വൽ ഫണ്ട്, ഇ.പി.എഫ്, സ്വർണം, ഭൂമി, വായ്പകൾ എന്നിവയെല്ലാം ഒരു നമ്പരായി തത്സമയം മനസ്സിലാക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിലൂടെ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഓരോ വ്യക്തിക്കും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

