തെലങ്കാനയിൽ വനം–പരിസ്ഥിതി വകുപ്പ് മന്ത്രിയായ കെ.സുരേഖയെ മന്ത്രിസഭയിൽനിന്ന് നീക്കം ചെയ്യാനായി മുഖ്യമന്ത്രി ഗവർണർക്ക് ഔദ്യോഗിക ശുപാർശ സമർപ്പിച്ചു. ഈ വിഷയത്തിൽ ഗവർണറുടെ ഭാഗത്തുനിന്ന് അതിവേഗത്തിലുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
ഭരണകക്ഷിയായ കോൺഗ്രസിലെ നിലവിലുള്ള ആഭ്യന്തര സംഘർഷങ്ങൾക്കൊപ്പം, മുഖ്യമന്ത്രിക്ക് എതിരെ സുരേഖയുടെ മകൾ ഉന്നയിച്ച പരസ്യമായ വിമർശനങ്ങളുമാണ് ഈ പെട്ടെന്ന് തീരുമാനത്തിലേക്ക് നയിച്ചത്. പാർട്ടി വേദികളിലും പൊതുപരിപാടികളിലുമായി രേവന്ത് റെഡ്ഡിക്കും മറ്റ് മുതിർന്ന നേതാക്കൾക്കുമെതിരെ മന്ത്രിയുടെ മകളായ സുഷ്മിത നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പർകൽ മണ്ഡലത്തിൽ നിലവിലുള്ള എംഎൽഎ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്ന മുഖ്യമന്ത്രിയുടെ പരസ്യമായ അഭ്യർഥനയാണ് സുഷ്മിതയെ ചൊടിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പർകൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ സുഷ്മിത കരുക്കൾ നീക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, തനിക്കെതിരെയുള്ള മന്ത്രിസഭ മാറ്റ നീതീക്കരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി കെ.സുരേഖ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. യാതൊരുവിധ വിശദീകരണത്തിനും അവസരം നൽകാതെയാണ് നടപടിയെടുത്തതെന്ന് അവർ കുറ്റപ്പെടുത്തി.
“മകൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അവളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും” സുരേഖ വ്യക്തമാക്കി. സമാനമായ രീതിയിൽ വിവാദ പ്രസ്താവനകൾ നടത്തിയ മറ്റ് പുരുഷ നേതാക്കൾക്ക് എതിരെ എന്തുകൊണ്ടാണ് പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തതെന്നും അവർ ചോദ്യം ഉന്നയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

