നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും നിലനിൽക്കുന്ന രൂക്ഷമായ ഭൂപ്രശ്നങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ നീണ്ട
ഒന്നരപ്പതിറ്റാണ്ടായി കോടതി കയറിയിറങ്ങുന്ന ഷൺമുഖൻ അയനിപുര ഈ വിഷയത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. “തമിഴ്നാട് സർക്കാരിന് ഇവിടെയുള്ള ജനങ്ങളെ കുടിയിറക്കണമെന്നാണ്, ജനസാന്ദ്രത കുറച്ചുകൊണ്ടുവരുകയെന്നതാണ് അവരുടെ നയം” എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പശ്ചാത്തലവും ചരിത്രവും 1949-ൽ അന്നത്തെ മദ്രാസ് സംസ്ഥാനം തമിഴ്നാട് സ്വകാര്യ വന സംരക്ഷണ നിയമം പാസാക്കിയതോടെയാണ് ഇതിന്റെ തുടക്കം. എസ്റ്റേറ്റുകളിലും മറ്റും വളരുന്ന മരക്കാടുകളെ സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ആദ്യ ഉദ്ദേശ്യം.
തുടർന്ന് 1991-ൽ അന്നത്തെ നീലഗിരി കലക്ടർ ലീലാ നായർ ഇറക്കിയ വിജ്ഞാപനത്തിൽ മുതുമലയിൽ നിന്നു 5 മൈൽ ആകാശദൂരമുള്ള എല്ലാ ഭൂമിയും വനമാക്കി മാറ്റിയെന്ന് ഷൺമുഖൻ പറയുന്നു. കർഷകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഈ വിജ്ഞാപനം താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.
ഭൂമി കൈമാറ്റം ചെയ്യാനോ വീട് നിർമിക്കാനോ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും പ്രദേശത്തെ വ്യവസായങ്ങളെ നിയന്ത്രിക്കാൻ മാത്രമാണ് ഇതെന്നുമാണ് അന്ന് ജില്ലാ ഭരണകൂടം കർഷകർക്ക് ഉറപ്പ് നൽകിയത്. എന്നാൽ, 2009 ഓഗസ്റ്റ് 21-ന് അന്നത്തെ കരുണാനിധി സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി കലക്ടർ ആനന്ദറാവു, 1991-ൽ മരവിപ്പിച്ച വിജ്ഞാപനത്തിനനുസരിച്ച് സർക്കുലർ ഇറക്കിയതു മുതലാണു പന്തല്ലൂർ താലൂക്കിലുള്ള ഭൂപ്രശ്നത്തിന്റെ യഥാർത്ഥ തുടക്കമെന്നു ഷൺമുഖൻ വിശദീകരിക്കുന്നു.
സർക്കാർ നിർജീവമെന്ന് കർഷകരുടെ ആശങ്ക 2009 ലെ സർക്കുലറനുസരിച്ച്, പന്തല്ലൂർ താലൂക്കിലെ ഭൂമി കൈമാറ്റത്തിന് കലക്ടർ ചെയർമാനായ അഞ്ചംഗ ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്ന കർശന ഉപാധി നിലവിൽ വന്നു. യഥാർത്ഥത്തിൽ 2 ഹെക്ടറിൽ കൂടുതലുള്ള സ്വകാര്യ ഭൂമി മാത്രമേ 1949ലെ സ്വകാര്യ വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപെടുത്തിയിരുന്നുള്ളൂ.
എന്നാൽ, ഈ നിയമങ്ങളെല്ലാം 1991ലെ വിജ്ഞാപനത്തിലൂടെയും പിന്നീട് 2009ൽ ഇറക്കിയ സർക്കുലറിലൂടെയും അട്ടിമറിക്കപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. സ്വകാര്യവനഭൂമിയായി കണക്കാക്കിയ ഭൂമി സർക്കാരിന് സ്വന്തം നിലയിൽ ഒഴിവാക്കാനുള്ള വ്യവസ്ഥ തമിഴ്നാട് വനസംരക്ഷണനിയമത്തിലുണ്ടെങ്കിലും അധികാരികൾ അത് ഉപയോഗിക്കുന്നില്ല.
നിലവിൽ 10 സെന്റ്, 50 സെന്റ്, ഒരേക്കർ എന്നിങ്ങനെ ചെറിയ അളവിലുള്ള ഭൂമികളും വനഭൂമിയാക്കപ്പെട്ടിരിക്കുകയാണെന്ന് ഷൺമുഖൻ കൂട്ടിച്ചേർക്കുന്നു. എല്ലാ കർഷകർക്കും പ്രശ്നമില്ലെന്നു കാട്ടി മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെ തുടർന്ന്, 2023-ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും വനംവകുപ്പ് സെക്രട്ടറിക്ക നിവേദനം നൽകാനാണ് നിർദേശിച്ചത്.
ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് സെക്രട്ടറി ഈ നിവേദനം തള്ളിക്കളഞ്ഞു. ഇതിനെതിരെ ഇപ്പോൾ ഹൈക്കോടതിയിൽ റിട്ട് ഹർജിയിലൂടെ നിയമപോരാട്ടം തുടരുകയാണ്.
ജനജീവിതം സ്തംഭനാവസ്ഥയിൽ 2009 ലെ സർക്കുലർ നിലനിൽക്കുന്നതിനാൽ കർഷകരും ഇടത്തരക്കാരുമായ നിരവധി കുടുംബങ്ങളാണ് കടുത്ത ദുരിതത്തിലാണ്. തമിഴ്നാട് സ്വകാര്യ വന സംരക്ഷണ നിയമം പാസാക്കിയത് മരങ്ങൾ മുറിക്കുന്നത് തടയാനാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ഈ സർക്കുലർ കാരണം ചെറിയ തുണ്ടു ഭൂമികളിൽ പോലും നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി ലഭിക്കുന്നില്ല. വനഭൂമിയായി പരിഗണിക്കപ്പെടുന്നതിനാൽ പ്രദേശത്തെ കർഷകർക്ക് ബാങ്ക് വായ്പകൾ പോലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു.
റവന്യു ഭൂമിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളോ വായ്പകളോ ഈ ഭൂമി ഈടായി നൽകി നേടാൻ സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വീടുകൾ നിർമിക്കാനും നിലവിലുള്ളവയിൽ മാറ്റങ്ങൾ വരുത്താനും കടുത്ത നിയന്ത്രണങ്ങളാണുള്ളത്.
പഞ്ചായത്തിൽ നിന്ന് 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്ക് അനുമതി ലഭിക്കണമെങ്കിൽ പോലും വനംവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. വ്യവസായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കും അനുമതി ലഭ്യമല്ല.
തന്മൂലം പ്രദേശത്തെ ടൂറിസം വികസനവും അടിസ്ഥാന സൗകര്യ വികസനവും പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സമാനമായ നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഇഎസ്എ കരട് വിജ്ഞാപനത്തിലുമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

