ഊബറില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ച ജീവനക്കാരന് കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു. സാധാരണ ഡ്രൈവറായി കരിയര്‍ ആരംഭിച്ച് പിന്നീട് മാനേജര്‍ പദവിയിലേക്ക് ഉയര്‍ന്ന ജീവനക്കാരനാണ് പുലര്‍ച്ചെ നാല് മണിക്ക് ലഭിച്ച ഇമെയിലൂടെ പുറത്താക്കപ്പെട്ട
വിവരം അറിഞ്ഞത്. ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചത്.
“എല്ലാത്തിനും അതിന്റേതായ കാരണങ്ങളുണ്ട്. ആഗസ്റ്റ് 22-ന് ഞാന്‍ ഹവായിലേക്ക് പോകേണ്ടതായിരുന്നു.
എന്നാല്‍ ദ്വീപിലുണ്ടായ ചുഴലിക്കാറ്റ് ഞങ്ങളുടെ ബുക്കിംഗ് തടസ്സപ്പെടുത്തി. തുടര്‍ന്ന് യാത്ര റദ്ദാക്കി ഞങ്ങള്‍ വീട്ടില്‍ത്തന്നെ അവധി ആഘോഷിച്ചു.
പിന്നാലെ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് എന്റെ ഫോണില്‍ ഒരു ഇമെയില്‍ വന്നു. എന്തിനാണ് ആ സമയത്ത് ഫോണ്‍ നോക്കിയതെന്ന് എനിക്കറിയില്ല, എന്തായാലും ഞാന്‍ നോക്കി.
എല്ലാത്തിനും അതിന്റേതായ കാരണങ്ങളുണ്ട്” എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. കമ്പനിയുടെ വളര്‍ച്ച മുന്‍നിര്‍ത്തി ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തുമെന്ന് സി.ഇ.ഒ ദാര ഖോസ്രോഷാഹി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായുള്ള നടപടിയിലാണ് ഇദ്ദേഹത്തിനും ജോലി നഷ്ടമായത്. “ഊബറില്‍ എന്റെ അവസാനത്തെ ദിവസമായിരുന്നു ഇന്ന് (മറ്റൊരു ടീമില്‍ എന്തെങ്കിലും ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍).
കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഊബറിനൊപ്പമുള്ള എനിക്ക്, എന്റെ ഇഷ്ടപ്രകാരമാണെങ്കില്‍ ഒരിക്കലും മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യേണ്ടി വരില്ലെന്നായിരുന്നു വിശ്വാസം. അത്രയധികം ഞാന്‍ അവിടത്തെ ആളുകളെയും ജോലിയെയും എല്ലാം വിശ്വസിച്ചിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എന്റെ ആഗ്രഹം പോലെ കാര്യങ്ങള്‍ നടന്നില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 ജനുവരിയിലാണ് അദ്ദേഹം ഊബറില്‍ റൈഡ് ഷെയര്‍ ഡ്രൈവറായി ജോലിക്ക് പ്രവേശിക്കുന്നത്.
തുടര്‍ന്ന് സിയാറ്റിലിലെ ഊബര്‍ ഈറ്റ്സ് ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് കോര്‍പ്പറേറ്റ് ഓഫീസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. കരിയറില്‍ നിരവധി അന്താരാഷ്ട്ര യാത്രകളും പ്രൊമോഷനുകളും ലഭിച്ചെങ്കിലും കടുത്ത പ്രതിസന്ധികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
2018 നവംബര്‍ 12-ന് തന്റെ ജന്മദിനത്തില് അദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗത്തില്‍ നിന്നും സമാനമായ രീതിയില്‍ പിരിച്ചുവിടലിന് ഇരയായിരുന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെ മറ്റൊരു ടീമില്‍ പുതിയ ജോലി കണ്ടെത്തുകയായിരുന്നു.
എന്നാല്‍ നിലവിലുണ്ടായ കൂട്ടപ്പിരിച്ചുവിടലില്‍ വീണ്ടും അദ്ദേഹത്തിന് തൊഴില്‍ നഷ്ടപ്പെടുകയായിരുന്നു. “ഇന്ന് പുറത്താക്കപ്പെട്ട
എന്റെ മുന്‍ സഹപ്രവര്‍ത്തകരോട് ഒന്നു പറയാനുണ്ട്; നാം കെട്ടിപ്പടുത്തതില്‍ അഭിമാനിക്കുക, ഇത് ബിസിനസ്സ് മാത്രമാണ്, വ്യക്തിപരമല്ല. നാളെ സൂര്യന് വീണ്ടും ഉദിക്കും, ഇന്നത്തെ ദിവസം എത്രത്തോളം ബുദ്ധിമുട്ടേറിയതാണെങ്കിലും നാം എല്ലാവരും പുതിയ വഴികള്‍ കണ്ടെത്തും” എന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

