അറിവും അച്ചടക്കവും ആരോഗ്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതാകണം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് അർജ്ജുന അവാർഡ് ജേതാവും സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം കലാ–കായിക പ്രവർത്തനങ്ങൾക്കും വിദ്യാർഥികൾ തുല്യ പ്രാധാന്യം നൽകണമെന്നും കായിക പരിശീലനങ്ങൾ ആരോഗ്യത്തോടൊപ്പം വ്യക്തി ജീവിതത്തിൽ അച്ചടക്കവും പ്രദാനം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
വെട്ടിയാർ ടിഎംവിഎം ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീചിത്തിര തിരുനാൾ ആൻഡ് മാർ ബസേലിയോസ് ട്രോഫികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ സ്കൂൾ ഫുട്ബോൾ ആൻഡ് ചെസ്സ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ഷീജ യു, പിടിഎ പ്രസിഡന്റ് അരുൺ കുമാർ, സെന്റ് ഗ്രിഗോറിയോസ് വിദ്യാനികേതൻ സ്കൂൾ ഡയറക്ടർ വിനീത ജോൺസൺ, പ്രോഗ്രാം കമ്മിറ്റി കൺവീനറും ബർസാറുമായ രാജേഷ് ബാബു, സ്കൂൾ അഡ്മിനിസ്ട്രേറ്റർ പാപ്പച്ചൻ കീപ്പള്ളിൽ, സ്റ്റാഫ് സെക്രട്ടറി ബെനസീർ ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപക ദിനമായ സെപ്റ്റംബർ 5ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യും.
മാവേലിക്കര എംഎൽഎ എം.എസ്. അരുൺ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ ആമുഖ പ്രഭാഷണവും നിർവ്വഹിക്കും.
പ്രമുഖ എഴുത്തുകാരൻ ജോർജ് തഴക്കര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഫ്രാൻസിൽ നടന്ന വേൾഡ് എക്സ്പോയിൽ മികവ് തെളിയിച്ച മുൻ വിദ്യാർഥി ആനന്ദബോധിക്ക് ചടങ്ങിൽ ആദരവ് അർപ്പിക്കും.
കീപ്പള്ളിൽ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രഖ്യാപിച്ച ഭവന പുനർനിർമ്മാണ പദ്ധതിയുടെ സാമ്പത്തിക സഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രവീന്ദ്രൻ ഉണ്ണിത്താൻ നിർവ്വഹിക്കും. കൂടാതെ, അധ്യാപന രംഗത്ത് ഇരുപത്തിയഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ച് ആദരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

