ഇടുക്കി കട്ടപ്പനയിൽ വ്യാപാരിയെ കബളിപ്പിച്ച് അഞ്ച് കിലോ ഉണക്ക ഏലയ്ക്ക കൈക്കലാക്കാൻ ശ്രമം നടന്നതായി പരാതി. പണം അയച്ചതിന്റെ വ്യാജ സ്ക്രീൻഷോട്ട് നൽകി രാജസ്ഥാൻ സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചത്.
കട്ടപ്പനയിലെ നിജാഫ് സ്പൈസസ് ഉടമ പി.എം. നിജാഫിന്റെ പക്കൽ നിന്നാണ് ഏലയ്ക്ക തട്ടിയെടുക്കാൻ ശ്രമം നടന്നത്.
രാജസ്ഥാൻ ജോധ്പുർ സ്വദേശിയായ ഭഗീരഥ് കുമാർ എന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമത്തിലൂടെയാണ് തട്ടിപ്പുകാരൻ നിജാഫുമായി ബന്ധപ്പെട്ടത്. മികച്ച ഗുണനിലവാരമുള്ള അഞ്ച് കിലോ ഉണക്ക ഏലയ്ക്ക വേണമെന്നായിരുന്നു ആവശ്യം.
തുടർന്ന് ഒരുകിലോയ്ക്ക് 3750 രൂപ നിരക്കിൽ ഏലയ്ക്ക നൽകാമെന്ന് നിജാഫ് സമ്മതിച്ചു. ജിഎസ്ടിയും കുറിയർ ചാർജും ഉൾപ്പെടെ ആകെ 20,240 രൂപയാകുമെന്ന് വ്യാപാരി അറിയിച്ചു.
ഈ തുക അക്കൗണ്ടിലേക്ക് അയച്ചെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രതി വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച് നൽകുകയായിരുന്നു. സ്ക്രീൻഷോട്ട് ലഭിച്ചയുടൻ വ്യാപാരി ഏലയ്ക്ക പാക്ക് ചെയ്ത് തട്ടിപ്പുകാരൻ നൽകിയ മേൽവിലാസത്തിലേക്ക് തപാൽ വഴി അയച്ചുകൊടുത്തു.
എന്നാൽ, ഇതിനുശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് നിജാഫിന് മനസ്സിലായത്. തുടർന്ന് ഉടൻ തന്നെ ഇന്ത്യ പോസ്റ്റിൽ പരാതി നൽകി കുറിയർ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഹൈറേഞ്ച് മേഖലയിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽപന നടത്തുന്ന ഒട്ടേറെപ്പേർ സമാനരീതിയിൽ തട്ടിപ്പിന് ഇരയായതായി വ്യക്തമായെന്ന് പി.എം. നിജാഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

