പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ കൃത്രിമം കാട്ടി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു.
വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ.റാണി ലക്ഷ്മി (37) ആണ് കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്.കിരണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 19നാണ് എച്ച്ഡിഎഫ്സി അടൂർ ബ്രാഞ്ചിലെ എസ്.സിനുവിന്റെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ മാറ്റിയത്.
തണ്ണിത്തോട് പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.ആർ.സിനുമോൻ എന്നയാൾക്കു ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമാണം നടക്കുന്നുണ്ട്. ഇയാൾക്ക് 3 തവണകളായി 3 ലക്ഷം രൂപ നൽകിയെന്നും ഇനിയും ഒരു ലക്ഷം രൂപയാണു നൽകാനുള്ളതെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ 2 ലക്ഷം നൽകാനുണ്ടെന്ന തരത്തിൽ ഒരേ പേരിലുള്ള അടൂരിലുള്ള സിനുവിന്റെ അക്കൗണ്ടിലേക്കാണു പണം തിരിമറി നടത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട
പഞ്ചായത്ത് സെക്രട്ടറി ഉദ്യോഗസ്ഥയോട് വിശദീകരണം തേടി. പേരിലെ സാമ്യം കാരണം അബദ്ധം പറ്റിയതാണെന്നും പണം തിരികെ അടയ്ക്കാമെന്നും മാപ്പ് നൽകണമെന്നുമായിരുന്നു റാണി ലക്ഷ്മിയുടെ മറുപടി.
തുടർന്ന് പത്തനംതിട്ട ജോയിന്റ് ഡയറക്ടറെ വിവരം ധരിപ്പിച്ച ശേഷം 24നു തണ്ണിത്തോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
25നു നടത്തിയ പരിശോധനയിൽ എസ്ബിഐ വകയാർ ബ്രാഞ്ചിലെ സിഡിഎം വഴി 6 തവണയായി 2 ലക്ഷം രൂപ പഞ്ചായത്തിന്റെ അക്കൗണ്ടുള്ള എസ്ബിഐ തേക്കുതോട് ശാഖയിൽ തിരിച്ചടച്ചതായി കണ്ടെത്തി. റാണി ലക്ഷ്മി മുൻപ് ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിലും സമാനമായ രീതിയിൽ വലിയ തട്ടിപ്പ് നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
ഫെബ്രുവരിയിലാണ് ഇവർ തണ്ണിത്തോട് പഞ്ചായത്തിൽ ചുമതലയേറ്റത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലായി അൻപത് ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക തിരിമറിയാണ് നടന്നിട്ടുള്ളത്.
ഗുണഭോക്തൃ ലിസ്റ്റിൽ കൃത്രിമം കാണിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയെന്നാണ് കേസ്. സീതത്തോട്ടിൽ 51.23 ലക്ഷം രൂപയും തണ്ണിത്തോട്ടിൽ 2 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് കണ്ടെത്തൽ.
പഞ്ചായത്ത് സെക്രട്ടറിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്. അരുവാപ്പുലം പഞ്ചായത്തിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്.
സീതത്തോട് പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഫണ്ട് തട്ടിയെടുക്കാനായി പ്രതിയുടെ അമ്മ, ഭർത്താവ്, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ ഗുണഭോക്തൃ പട്ടികയിൽ വ്യാജമായി ഉൾപ്പെടുത്തുകയായിരുന്നു. 2024 ഡിസംബർ 6നു ചുമതലയേറ്റ ഇവർ ഫെബ്രുവരി 12നാണ് തണ്ണിത്തോട്ടിലേക്ക് സ്ഥലം മാറിപ്പോയത്.
ഈ കാലയളവിൽ പദ്ധതികൾ പൂർത്തീകരിച്ചവർക്ക് പണം നൽകാൻ മനഃപൂർവം താമസം വരുത്തിയതിനെ തുടർന്ന് ഭരണസമിതി വിശദീകരണം തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ വെട്ടിപ്പ് പുറത്തുവന്നതെന്ന് വൈസ് പ്രസിഡന്റ് ജോബി ടി.ഈശോ അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സീതത്തോട് പഞ്ചായത്ത് നൽകിയ പരാതിയിൽ ചിറ്റാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇവരെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

