സംസ്ഥാനത്തെ പ്രമുഖ മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ബേപ്പൂർ ഹാർബറിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സ്ഥലപരിമിതിയും മൂലം മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കടലിൽ നിന്നും മണിക്കൂറുകൾ നീണ്ട
മത്സ്യബന്ധനത്തിനു ശേഷം തിരിച്ചെത്തുന്ന ബോട്ടുകൾക്ക് വാർഫിൽ അടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ടാഴ്ചയിലേറെ കടലിൽ തങ്ങി മീൻ പിടിച്ചു വരുന്ന ബോട്ടുകാർക്ക് മണിക്കൂറുകളോളം തീരത്ത് കാത്തുനിൽക്കേണ്ടി വരുന്നത് പതിവായി മാറിയിട്ടുണ്ട്.
സമയബന്ധിതമായി വിപണിയിൽ മീൻ എത്തിക്കാൻ സാധിക്കാത്തത് കയറ്റുമതിയെയും പ്രാദേശിക വിപണിയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. തുറമുഖത്ത് ലഭ്യമായ പരിമിതമായ 330 മീറ്റർ ജെട്ടി സൗകര്യം മാത്രമാണ് നിലവിലെ ആകെയുള്ള ആശ്രയം.
ഇതിൽ മൂന്ന് വാർഫുകളിലായി വ്യാപിച്ചുകിടക്കുന്ന ജെട്ടിയിൽ, 50 മീറ്റർ നീളമുള്ള ലോ ലവൽ ബർത്തിങ് ജെട്ടിയിൽ വള്ളങ്ങളാണ് പ്രധാനമായും നിർത്തിയിടുന്നത്. യന്ത്രവൽകൃത ബോട്ടുകൾക്ക് ഉപയോഗിക്കാനാകുന്നത് 280 മീറ്റർ ജെട്ടി മാത്രമാണ്.
ഇവിടെ ഒരേസമയം പരമാവധി 20 ബോട്ടുകൾക്ക് മാത്രമേ നേരിട്ട് അടുപ്പിക്കാൻ സാധിക്കൂ. കരയടുപ്പിക്കുന്ന ബോട്ടുകളോടു ചേർത്തു കെട്ടിയാണ് മറ്റ് ബോട്ടുകൾ നങ്കൂരമിടുന്നത്.
ഇത് വലിയ സുരക്ഷാപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നിലവിൽ ഹാർബർ നദീമുഖത്തോടു ചേർത്താണ് പല ബോട്ടുകളും കെട്ടിയിട്ടിരിക്കുന്നത്.
മൺസൂൺ പിൻവാങ്ങിയതോടെ കടലിൽ മത്സ്യലഭ്യത മെച്ചപ്പെട്ടത് ബോട്ടുകൾ വേഗത്തിൽ തീരമണയാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇവ സുരക്ഷിതമായി നിർത്തിയിടാൻ ആവശ്യമായ സ്ഥലം ഹാർബറിലില്ല.
പല ബോട്ടുകളും ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നങ്കൂരമിട്ട ശേഷം ചെറിയ തോണികളിലാണ് മീൻ വാർഫിലേക്ക് എത്തിക്കുന്നത്.
ജെട്ടിയിൽ അടുപ്പിക്കുന്ന ബോട്ടുകൾ സമയബന്ധിതമായി നീക്കം ചെയ്യാത്തതാണ് പ്രധാന പ്രതിസന്ധിക്ക് കാരണം. മീൻ ഇറക്കിയ ശേഷം ജെട്ടിയിലുള്ള പമ്പുകളിൽ നിന്നും ഡീസൽ അടിക്കുന്നതും ഐസും വെള്ളവും മറ്റ് അവശ്യവസ്തുക്കളും കയറ്റുന്നതും നീളുന്നത് വലിയ കാലതാമസത്തിന് കാരണമാകുന്നു.
ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് ചെറുതും വലുതുമായി ഏകദേശം 450 ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കുറഞ്ഞത് 300 ബോട്ടുകളെങ്കിലും ഒരേസമയം മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് ഇവിടുത്തെ പഴയ ജെട്ടി. അന്നത്തെ കാലത്തെ ചെറിയ മരബോട്ടുകൾക്ക് അനുസൃതമായി നിർമിച്ചതാണ് ഈ സംവിധാനം.
എന്നാൽ കാലത്തിനനുസരിച്ച് ബോട്ടുകളുടെ വലുപ്പം വർധിച്ചു. നിലവിൽ നിർമിക്കുന്നവയിൽ ഏറെയും 100 അടി നീളമുള്ള കൂറ്റൻ ബോട്ടുകളാണ്.
ഇത്തരം പത്ത് ബോട്ടുകൾ എത്തിയാൽ പോലും ഹാർബറിലെ മുഴുവൻ സ്ഥലസൗകര്യവും അതോടെ ഇല്ലാതാകുന്ന സ്ഥിതിയാണ്. തുറമുഖ പരിസരത്ത് വാഹനങ്ങളുടെ പാർക്കിങ് സൗകര്യക്കുറവും വലിയ രീതിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ട്രോളിങ് നിരോധനത്തിനു ശേഷം സജീവമായ ഹാർബറിൽ വാഹനങ്ങൾ ഒതുക്കിയിടാൻ ഇടമില്ലാത്തത് കയറ്റുമതി മേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്. പഴയതും പുതിയതുമായ വാർഫുകളുടെ പരിസരത്ത് അൻപതോളം വാഹനങ്ങൾ നിർത്താനുള്ള ഇടം മാത്രമാണുള്ളത്.
എന്നാൽ ഒരു തവണ ടോൾ നൽകി പ്രവേശിക്കുന്ന വാഹനങ്ങൾ ദിവസങ്ങളോളം ഇവിടെ നിർത്തിയിട്ടു പോകുന്നത് മറ്റ് വാഹനങ്ങൾക്ക് വലിയ തടസ്സമാകുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉള്ള സമയത്ത് ബോട്ടുകളെല്ലാം കൂട്ടത്തോടെ കരയിലേക്ക് കയറുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

