യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനഃപൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്.
പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. മിൽപീറ്റസ് പൊലീസ് ഡിപാർട്മെന്റിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അനില ബേബി നിലവിൽ സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. 9ന് കോടതിയിൽ ഹാജരാക്കും.
കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിയാണ് അനില.
തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്.
അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്.
ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞാണ് മിൽപീറ്റസിലെ 440 ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്മെന്റ്സിൽ അപകടം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. അപ്പാർട്മെന്റിലെ ബിൽഡിങ് എഫിന് സമീപം നീല നിറത്തിലുള്ള എസ്യുവി കാൽനടയാത്രക്കാരിയായ യുവതിയുടെ മേൽ ഇടിച്ചുകയറി എന്നായിരുന്നു ആദ്യ സന്ദേശം.
ഉടൻതന്നെ ഓഫിസർ മുനോസ്, സർജന്റ് താൻ, ഓഫിസർ ഒറൻസിയ എന്നിവർ സ്ഥലത്തെത്തി. തലയിൽ ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് പാർക്കിങ് ലോട്ടിൽ കിടക്കുകയായിരുന്നു അഞ്ജന.
മിൽപീറ്റസ് ഫയർ ആന്റ് പാരാമെഡിക്സ് സംഘം ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും, അഞ്ജന മരിച്ചതായി സ്ഥിരീകരിച്ചു. പാർക്കിങ് ഏരിയയിൽ വച്ചാണ് കാർ ഇടിച്ചതെന്ന് വ്യക്തമായി.
സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളുടെ വശങ്ങൾ തകർന്നിട്ടുണ്ടായിരുന്നു. സംഭവം നടന്ന് മിനിറ്റുകൾക്കകം, ഒരാൾ പൊലീസിനെ വിളിച്ച് സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു.
നീല നിറത്തിലുള്ള എസ്യുവി വളരെ അശ്രദ്ധമായി ഓടിച്ച് പോകുന്നത് കണ്ടതായിട്ടായിരുന്നു സന്ദേശം. പൊലീസിന്റെ പട്രോളിങ് വണ്ടികൾ കടന്നുപോയ ഉടനെ ഈ വാഹനം മിൽപീറ്റസ് ബൊവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തതായും ഇദ്ദേഹം അറിയിച്ചു.
പൊലീസ് എത്തുന്നതുവരെ വാഹനത്തെ അയാൾ നിരീക്ഷിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ എസ്യുവിയുടെ മുൻഭാഗം പൂർണമായി തകർന്ന നിലയിലായിരുന്നു.
കാറിനുള്ളിൽ ഇരുന്ന അനില ബേബിയെ പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ ഒന്നിനോടും പ്രതികരിച്ചില്ല. പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്.
അനിലയുടെ കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണത്തിൽ പ്രതിയും കൊല്ലപ്പെട്ട
യുവതിയും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നതായി വ്യക്തമായി. ഇരുവരും ഒരേ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് മനസ്സിലാക്കി.
സംഭവത്തിന് സാക്ഷികളായവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്. കാർ യുവതിക്കുമേൽ മനഃപ്പൂർവം അതിവേഗത്തിൽ ഇടിച്ചു കയറ്റി എന്നായിരുന്നു ഒരു മൊഴി.
കാറിന്റെ ടയറുകൾ യുവതിയുടെ ദേഹത്തു കയറിയിറങ്ങി. തുടർന്ന് മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചശേഷം വാഹനം നിർത്താതെ പോയെന്നായിരുന്നു മൊഴി.
അതിവേഗത്തിൽ പാഞ്ഞുവന്ന നീല കാർ കണ്ടെന്നും പിന്നീട് ഒരു യുവതി റോഡിൽ കിടക്കുന്നതും കണ്ടെന്നും മറ്റു ചിലർ മൊഴി നൽകി. വാഹനം ഓടിച്ചിരുന്നത് ഇന്ത്യൻ വംശജയായ സ്ത്രീയാണെന്നും അവർ പറഞ്ഞു.
സംഭവസ്ഥലത്ത് കാർ നിർത്തിയിട്ടിരുന്ന മറ്റൊരു ദ്യക്സാക്ഷി വളരെ നിർണയകമായ വിവരം പൊലീസിനു നൽകി. കൊല്ലപ്പെട്ട
അഞ്ജന ബാഗുമായി കാറിന് നേരെ വരുന്നതു കണ്ടെന്നായിരുന്നു മൊഴി. ഡ്രൈവർ യുവതിയുടെ സുഹൃത്തോ ഊബർ ഡ്രൈവറോ ആയിരിക്കുമെന്നാണ് കരുതിയതെന്നും യുവതി കാറിന് മുന്നിലെത്തിയപ്പോൾ വാഹനം പെട്ടെന്ന് മുന്നോട്ട് കുതിച്ച് യുവതിയെ ഇടിച്ചെന്നും ഇയാൾ മൊഴി നൽകി.
ട്രാഫിക് ഓഫിസർമാർ സംഭവ സ്ഥലത്തെ തെളിവുകളും ടയർ പാടുകളും വിശദമായി പരിശോധിച്ചു. കാർ ഇടിക്കുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ ബ്രേക്ക് ചെയ്തതിന്റെ പാടുകൾ ഉണ്ടായിരുന്നില്ല.
ദൃക്സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അനില മനഃപൂർവം യുവതിയുടെ മേൽ കാർ ഇടിച്ചുകയറ്റിയതാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

