സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പള്ളിവയല്‍ ഊര് സ്വദേശിനിയായ 67 കാരി തങ്കി മൊരത്തിയെ കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോഴും പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. വയോധികയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെ ഇവരുടെ കൊച്ചുമകനായ സുധീഷിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിലെ ദുരൂഹത ഏറുകയാണ്.
പൊലീസില്‍ നിന്ന് മൊഴിയെടുത്തതിന് പിന്നാലെയായിരുന്നു സുധീഷിന്റെ ആത്മഹത്യ. കഴിഞ്ഞ ജൂലൈ 30 മുതലാണ് തങ്കി മൊരത്തിയെ ഊരില്‍നിന്ന് കാണാതാകുന്നത്.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നാട്ടുകാരുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെ പ്രദേശത്തും സമീപത്തെ വനമേഖലയിലും വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും വയോധികയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ഇതിനിടയിലാണ് തങ്കി മൊരത്തിയുടെ മകളുടെ മകനായ സുധീഷ് എന്ന മുരളിയെ കാണാതാകുന്നത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ സുധീഷിനെ സമീപത്തെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വയോധികയുടെ തിരോധാനത്തിനൊപ്പം കൊച്ചുമകന്റെ മരണവും വലിയ ദുരൂഹതയാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊലീസ് നായ, ഫോറന്‍സിക് വിഭാഗം, ഡ്രോണ്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയിട്ടും തങ്കി മൊരത്തിയെ കണ്ടെത്താനാവാത്തത് പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
വടക്കനാട് – പള്ളിവയല്‍ പ്രദേശം വിട്ട് പുറത്തുപോകാത്ത വ്യക്തിയാണ് കാണാതായ തങ്കി മൊരത്തി. സംഭവത്തിലെ ദുരൂഹത നീക്കാനും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും ശക്തമായ ആവശ്യമാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

