ട്രെയിൻ യാത്രയേക്കാൾ ദുഷ്കരമായി മാറിയിരിക്കുകയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച നവീകരണ പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയാണ്.
കൃത്യമായ ഏകോപനമില്ലാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ സ്റ്റേഷനിലേക്കുള്ള പ്രവേശനം തന്നെ ദുസ്സഹമായിട്ടുണ്ട്. സ്റ്റേഷനിൽ വാഹന പാർക്കിംഗിന് ആവശ്യമായ സൗകര്യങ്ങളില്ലാത്തത് തിരക്കേറിയ സമയങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
യാത്രക്കാരെ വാഹനങ്ങളിൽ കയറ്റിവിടാനോ ഇറക്കാനോ സാധിക്കാത്ത വിധം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ തടസ്സപ്പെടുന്നതിനാൽ കനത്ത ലഗേജുകളുമായി യാത്രക്കാർക്ക് പ്ലാറ്റ്ഫോമുകളിലേക്ക് ഓടിയെത്തേണ്ട
അവസ്ഥയാണ് ഉള്ളത്. സ്റ്റേഷനിൽ പുറത്തിറങ്ങുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മഴക്കാലങ്ങളിൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകൾ അടഞ്ഞുപോയത് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സുകളിലെ ജീവനക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്.
2022 ഓഗസ്റ്റിലാണ് രണ്ടു വർഷത്തെ കാലാവധി നിശ്ചയിച്ച് ഈ പദ്ധതിക്കായി കരാർ ഒപ്പുവെച്ചത്. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയാണ് 299.95 കോടി രൂപയ്ക്ക് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്.
എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി വൈകിയതിനെ തുടർന്ന് പഴയ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയും നിർമ്മാണം പുതിയ കമ്പനിയെ ഏൽപ്പിക്കുകയും ചെയ്തു. മൾട്ടി ലെവൽ കാർ പാർക്കിംഗ്, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള എയർ കോൺകോഴ്സ്, വിമാനത്താവളങ്ങളെ മാതൃകയാക്കിയുള്ള സ്റ്റേഷൻ കെട്ടിടം എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
നിലവിലെ സാഹചര്യത്തിൽ 2028 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് റെയിൽവേ അധികൃതർ ലക്ഷ്യമിടുന്നത്. പ്രതിവർഷം ഏകദേശം 250 കോടി രൂപയോളം വരുമാനം റെയിൽവേയ്ക്ക് നേടിക്കൊടുക്കുന്ന പ്രധാന സ്റ്റേഷനുകളിലൊന്നാണ് ഈ അവഗണന നേരിടുന്നത്.
സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം ഇതുവരെ വർദ്ധിപ്പിച്ചിട്ടില്ല. അഞ്ച് വർഷം മുമ്പ് സമർപ്പിച്ച ശുപാർശയിൽ കരാർ നടപടികൾ ആരംഭിക്കാൻ പോലും മൂന്ന് വർഷത്തോളമാണ് വൈകിയത്.
എന്നാൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗത്തുള്ള റിലീഫ് വാൻ മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. നിലവിൽ 1, 3, 4 പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് 24 കോച്ചുകളുള്ള തീവണ്ടികൾ പിടിച്ചിടാൻ സാധിക്കുന്നത്.
ഏതാനും മാസങ്ങൾക്കകം ആരംഭിക്കുന്ന ശബരിമല തീർത്ഥാടന കാലഘട്ടത്തിൽ ഇവിടെ യാത്രക്കാരുടെ തിരക്ക് ഇനിയും വർദ്ധിക്കും. സ്റ്റേഷനിലെ ശുചിമുറികളുടെ അപര്യാപ്തതയും യാത്രക്കാരെ വലയ്ക്കുന്ന പ്രധാന പ്രശ്നമാണ്.
കൂടാതെ, വെള്ളക്കെട്ട് തടയുന്നതിന്റെ ഭാഗമായി ട്രാക്കിന്റെ ഉയരം കൂട്ടിയതിനെ തുടർന്ന് പ്ലാറ്റ്ഫോമും ട്രെയിനും തമ്മിലുള്ള അകലം വർദ്ധിച്ചതും യാത്രക്കാർക്ക് വലിയ യാത്രാപ്രശ്നമായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

