സംസ്ഥാനത്തെ പ്രഥമ കാർഡിയോ– പൾമനറി (കാർഡിയോ റെസ്പിറേറ്ററി) റീഹാബിലിറ്റേഷൻ കേന്ദ്രം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കാൻ സജ്ജമായി. ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന രോഗികൾക്ക് വിദഗ്ധ പുനരധിവാസം ഉറപ്പാക്കുകയാണ് ഈ നൂതന പദ്ധതിയുടെ ലക്ഷ്യം.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഒരു കോടി രൂപയിലധികം മുതൽമുടക്കിയാണ് ഈ അത്യാധുനിക യൂണിറ്റ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഒരേസമയം 50 രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി ഇവിടെ നിന്നും ചികിത്സയും ശാസ്ത്രീയ പരിചരണവും ലഭ്യമാകും. ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ബാധിച്ചവർക്ക് അവരുടെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേക ശാരീരിക പരിശീലനങ്ങളും ഈ കേന്ദ്രത്തിലൂടെ നൽകി വരും.
ആശുപത്രിയിലെ കാർഡിയോളജി, കാർഡിയോ തൊറാസിക് വാസ്കുലാർ സർജറി, പൾമനോളജി എന്നീ പ്രധാന വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ശസ്ത്രക്രിയാനന്തര പരിചരണത്തിന് പുറമെ പാലിയേറ്റീവ് കെയർ, പൊള്ളലേറ്റവർക്കുള്ള ചികിത്സ (ബേൺസ്), മെഡിക്കൽ ഐസിയു എന്നിവിടങ്ങളിൽ കഴിയുന്ന രോഗികൾക്കും ആവശ്യമായ ഫിസിയോതെറപ്പിയും വ്യായാമ മുറകളും ഇവിടെ ലഭ്യമാകും.
സ്വകാര്യ ആശുപത്രികളിൽ ഏകദേശം ഒരു മാസം വരെ നീളുന്ന ഇത്തരം ശസ്ത്രക്രിയാനന്തര റീഹാബിലിറ്റേഷൻ ചികിത്സകൾക്ക് വലിയ സാമ്പത്തിക ചെലവ് വരുമ്പോൾ, കോട്ടയം മെഡിക്കൽ കോളജിൽ ഇത് പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. കൊച്ചിൻ ഷിപ്യാഡ്, ജോസ്കോ എന്നീ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകളും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായവും പ്രയോജനപ്പെടുത്തിയാണ് ഈ ജീവകാരുണ്യ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

