അരൂർ ∙ അരൂർ പള്ളിക്ക് മുൻവശം ദേശീയപാതയിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനങ്ങളുടെ അശ്രദ്ധമായ യാത്ര. ഉയരപ്പാത നിർമാണം പുരോഗമിക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിൽ മാസങ്ങളായി യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് നിയമലംഘനങ്ങൾ അരങ്ങേറുന്നത്.
അരൂർപള്ളി- കോട്ടപ്പുറം റോഡിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള നിരവതി വാഹനങ്ങൾ തെക്കോട്ട് സഞ്ചരിക്കേണ്ടതിനു പകരമായി വടക്കോട്ട് യാത്ര ചെയ്യുന്നതാണ് പ്രദേശത്ത് ഗുരുതരമായ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ദിവസേന രാവിലെ 7 മണി മുതൽ 10 വരെയുള്ള സമയത്താണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ യാത്രകൾ കൂടുതലായി കാണപ്പെടുന്നത്.
പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അരൂക്കുറ്റി- പള്ളിയറക്കാവ് റോഡ് വഴി അരൂർ പള്ളിക്കു സമീപമുള്ള ദേശീയപാതയിലെത്തുന്ന വാഹനങ്ങൾ, യഥാർത്ഥത്തിൽ ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് നേരെയാണ് എതിർദിശയിലൂടെ സഞ്ചരിക്കുന്നത്.
അരൂർ പള്ളിക്കു മുൻവശമുള്ള മീഡിയൻ ഗ്യാപ്പിലൂടെ എതിർവശത്തുള്ള രണ്ടുവരിപ്പാതയിലേക്ക് വാഹനങ്ങൾ വെട്ടിച്ചു കയറ്റുന്നത് അതിഭീകരമായ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പിഞ്ചുകുഞ്ഞുൾപ്പെട്ട
ഒരു കുടുംബം തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ദേശീയപാതയിലെ ഈ നിയമലംഘന യാത്രകൾക്കെതിരെ പ്രദേശത്തെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും ഇതുവരെയും യാതൊരുവിധ പരിഹാര നടപടികളും ഉണ്ടായിട്ടില്ല.
നിലവിലുള്ള ഉയരപ്പാത നിർമാണം മൂലം പ്രദേശത്ത് ഗതാഗത സ്തംഭനം പതിവായി മാറിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് താൽക്കാലികമായി ഏർപ്പെടുത്തിയിരുന്ന യാത്രാ ക്രമീകരണങ്ങൾ മാറ്റമില്ലാതെ തുടരുന്നതാണ് ഇത്തരം നിയമവിരുദ്ധ യാത്രകൾക്ക് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

