മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്കെതിരെ നടപടി. മുണ്ടക്കൈ–ചൂരൽമല ദുരന്തമേഖലയിൽ പുലിയിറങ്ങിയതിനെത്തുടർന്നു നടത്തിയ തിരച്ചിലിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥൻ ഒരേക്കറോളം കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ചത്.
രണ്ടാഴ്ച മുൻപ് ചൂരൽമലയോടു ചേർന്നു പുലിയിറങ്ങിയപ്പോഴാണു സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ബൈജു സ്ഥലത്തെത്തി കാപ്പിത്തോട്ടം വെട്ടിക്കളഞ്ഞത്. പുലി ഇറങ്ങിയ പ്രദേശത്തോടു ചേർന്നുള്ള തോട്ടത്തിലെ കാപ്പിച്ചെടികൾ പൂർണമായി വെട്ടിനശിപ്പിക്കുകയായിരുന്നു.
ഈ നടപടി വലിയ വിവാദമായതിനെത്തുടർന്ന് ഉദ്യോഗസ്ഥനെ വനംവകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു. ചൂരൽമല ഭാഗത്ത് പുലിയിറങ്ങിയതിനെ തുടർന്ന് തിരച്ചിലിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തെയാണു നിയോഗിച്ചിരുന്നത്.
തുടർന്ന്, മേപ്പാടി റേഞ്ച് ഓഫിസറുടെയോ സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെയോ മുൻകൂർ അനുമതിയോ ഉത്തരവോ ഇല്ലാതെ കെ.കെ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കാപ്പിത്തോട്ടം വെട്ടിനശിപ്പിക്കുകയായിരുന്നു. ഇതിനായി യാതൊരുവിധ നോട്ടിസും നൽകിയിരുന്നില്ല.
ചൂരൽമല ദുരന്തബാധിതരായ കർഷകരുടെ ഉപജീവന മാർഗമായ കൃഷി നശിപ്പിച്ച ക്രൂരവും നിയമ വിരുദ്ധവുമായ നടപടിയെ ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നിയമ വിരുദ്ധ പ്രവർത്തനത്തിലൂടെ വകുപ്പിനും കർഷകർക്കും ഉണ്ടായ എല്ലാവിധ സാമ്പത്തിക നഷ്ടങ്ങളും ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കുന്നതിനായുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും പൊതുജനങ്ങളോടും കർഷകരോടും കാണിക്കുന്ന ഇത്തരം പ്രവണതകൾ വനംവകുപ്പിൽ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

