കൊച്ചി: ഏലൂർ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് വീണ്ടും മാലിന്യമൊഴുകിയതായി പരാതി. രാവിലെ ഏഴുമണിയോടെയാണ് പുഴയിൽ വ്യാപകമായി പതഞ്ഞുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
നിരവധി കുടിവെള്ള പദ്ധതികൾക്കായി ആശ്രയിക്കുന്ന പുഴയിലാണ് വീണ്ടും മലിനീകരണമുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശക്തമായ കാവലിനിടയിലാണ് ഈ ഗുരുതര വീഴ്ച.
പെരിയാറിന്റെ ഇരുകരകളിലും പ്രവർത്തിക്കുന്ന വ്യവസായശാലകളിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് ഇതാദ്യത്തെ സംഭവമല്ല. ഏലൂർ, പാതാളം, ബിനാനിപുരം എന്നീ പ്രദേശങ്ങളിലാണ് ഇന്ന് രാവിലെ വലിയ തോതിൽ പതയും മാലിന്യവും കണ്ടെത്തിയത്.
പിന്നീട് വേലിയേറ്റം ആരംഭിച്ചതോടെ നുരയുടെ അളവ് കുറയുകയും അത് ഒഴുകിപ്പോവുകയും ചെയ്തു. നുര ആദ്യം രൂപപ്പെട്ട
പ്രദേശത്തിന് സമീപത്തായി ഒരു എല്ലുപൊടി നിർമാണ ഫാക്ടറിയും കോഴിയറവ് മാലിന്യ സംസ്കരണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുമാണ് മാലിന്യം തള്ളിയതെങ്കിൽ, സാമ്പിളുകളിൽ അനിമൽ ഫാറ്റിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകൾക്കായി ഇതിനകം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിശോധനകളുടെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമായിരിക്കും കുറ്റക്കാർക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

