കോട്ടയം ജില്ലയിലെ ദേശീയപാത 183ന്റെ നവീകരണ പ്രവർത്തനങ്ങൾ നാട്ടുകാർക്ക് വലിയ പ്രതിസന്ധിയായി മാറുന്നു. യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാതെ റോഡ് വെട്ടിപ്പൊളിച്ചതുമൂലം പ്രദേശത്ത് അപകടങ്ങൾ പതിവാകുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. ഇതിനുപുറമെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കും പൊടിശല്യവും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
വെള്ളൂർ തകിടിയേൽ സ്കൂളിനും അണ്ണാടിവയലിനും ഇടയിലുള്ള ഭാഗത്താണ് റോഡ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. സ്ഥിരമായി അപകടങ്ങൾ നടക്കാറുള്ള ഈ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോഡ് നവീകരിക്കുന്നത്.
പഴയ ടാറിങ് പൂർണ്ണമായി കുത്തിപ്പൊളിച്ച ശേഷം പുതിയ പൂട്ടുകട്ടകൾ പാകുന്ന ജോലികളാണ് നടക്കുന്നത്. ജെസിബി ഉപയോഗിച്ച് ഏകദേശം 700 മീറ്റർ ദൂരമാണ് ഇതിനോടകം വെട്ടിപ്പൊളിച്ചിട്ടുള്ളത്.
മെറ്റലും മണ്ണും കലർന്ന മിശ്രിതം റോഡിൽ ഉറപ്പിച്ച ശേഷമാണ് ഇവിടെ പൂട്ടുകട്ടകൾ പാകുന്നത്. എന്നിരുന്നാലും, പ്രവൃത്തി നടക്കുന്ന ഒരു പ്രദേശത്തും യാതൊരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ കരാറുകാർ തയ്യാറായിട്ടില്ല.
രാത്രികാലങ്ങളിൽ ഈ പ്രദേശം തിരിച്ചറിയുന്നതിനുള്ള റിഫ്ലക്ടറുകളോ മറ്റ് അടയാളങ്ങളോ വച്ചിട്ടില്ലാത്തത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. റോഡിന്റെ വശങ്ങൾ നിലവിലെ റോഡ് നിരപ്പിൽ നിന്നും താഴേക്ക് താഴ്ന്നാണ് കിടക്കുന്നത്.
ഇതിനാൽ വാഹനങ്ങളുടെ ടയറുകൾ എളുപ്പത്തിൽ റോഡിലേക്ക് കയറ്റി ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്തും വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്.
പണി ആരംഭിച്ച ഭാഗത്ത് റോഡിന്റെ നടുവിലായി പൂട്ടുകട്ടകൾ ഉയർന്ന നിലയിലാണ് പാകിയിരിക്കുന്നത്. പഴയ റോഡും പുതിയതായി കട്ടയിട്ട
ഭാഗവും തമ്മിൽ വലിയ തോതിലുള്ള ഉയർച്ച–താഴ്ചകളുണ്ട്. ഈ രീതിയിലുള്ള അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് ഇവിടെയാണ് ബൈക്ക് യാത്രികനായ കളത്തിപ്പടി ബ്ലൂബെൽസ് അപാർട്മെന്റിൽ ഡാനി മാത്യു അപകടത്തിൽപെട്ടത്.
റോഡിൽ വീണ് ഗുരുതരമായി പരുക്കേറ്റ ഡാനി ഇപ്പോൾ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

